പാപ്പിനിശ്ശേരി: വലിയലക്ഷ്യങ്ങൾ മുന്നിൽ കണ്ട് കോടികൾ മുടക്കി നവീകരിച്ച പാപ്പിനിശ്ശേരി - പിലാത്തറ കെ.എസ്.ടി.പി. റോഡും രണ്ട് മേൽപ്പാലങ്ങളും അവതാളത്തിൽ. 120 കോടിയോളം രൂപ ചെലവഴിച്ച് 21 കി.മീ ദൈർഘ്യമുള്ള റോഡ് ഹൈടെക് എന്ന ഓമന പേരിട്ട് 2018 ലാണ് തുറന്നു കൊടുത്തത്. മാസങ്ങൾക്കുള്ളിൽ തുടങ്ങിയ റോഡിന്റെയും രണ്ട് മേൽപാലങ്ങളുടെയും അപാകം ഇപ്പോഴും കൂടുതൽ കൂടുതൽ ഭാഗങ്ങളിൽ വ്യാപിച്ച് യാത്ര ദുസ്സഹമാക്കുന്നു. പിലാത്തറ മുതൽ പാപ്പിനിശ്ശേരി വരെ റോഡ് പരിശോധിച്ചാൽ എണ്ണിയാൽ ഒടുങ്ങാത്ത കുഴികളാണ് വാഹനയാത്രക്കാരെ കുഴക്കുന്നത്.
പാപ്പിനിശ്ശേരി, പാപ്പിനിശ്ശേരി വെസ്റ്റ്, കരിക്കൻ കുളം, കൊട്ടപ്പാലം, ഇരിണാവ്. കെ. കണ്ണപുരം, കണ്ണപുരം, കൊവ്വപ്പുറം, താവം തുടങ്ങിയ വിവിധ ഭാഗങ്ങളിലായി റോഡുകളിൽ എണ്ണിയാൽ ഒടുങ്ങാത്ത കുഴികളാണ്. പല സ്ഥലത്തും മീറ്ററുകളുടെ ദൂരത്തിൽ റോഡാകെ അടർന്ന് പോയി. അമിത വേഗത്തിൽ വാഹനങ്ങൾ ഓടിച്ച് അപകടങ്ങൾക്ക് കുപ്രസിദ്ധി നേടിയ റോഡിൽ പരക്കെയുള്ളയുള്ള കുഴികളും കാരണം പേടിപ്പെടുത്തുന്ന അവസ്ഥയിലാണ് ജനങ്ങൾ യാത്ര ചെയ്യുന്നത്.
ദേശീയപാത വികസന പ്രവൃത്തികൾക്കിടയിൽ ചരക്ക് ലോറികളും ദീർഘദൂര യാത്രക്കാരും പിലാത്തറ മുതൽ വളപട്ടണം ദേശീയപാത വരെ എത്തുന്നതിനായി കെ.എസ്.ടി.പി റോഡിനെയാണ് കൂടുതൽ ആശ്രയിക്കുന്നത്. ദേശീയപാത വഴി ഒഴിവാക്കിയാൽ ആറു കിലോമീറ്ററോളം ദൂരം കുറഞ്ഞ് കിട്ടുന്നതും വാഹന യാത്രക്കാരെ കെ.എസ്.ടി.പി റോഡിനെ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നു. ഒരു വർഷം മുൻപ് കെ.എസ്.ടി.പി. റോഡ് മരാമത്ത് വകുപ്പ് ഏറ്റെടുത്തതിനുശേഷം 2022 ഡിസംബറിൽ 75 ലക്ഷം രൂപ ചെലവിട്ട് റോഡിന്റെ പല ഭാഗത്തും പുനർ ടാറിങ്ങും നടത്തിയിരുന്നു.
എന്നാൽ രണ്ട് മേൽപാലവും അപാകത നിറഞ്ഞതാണെന്ന കാരണത്താൽ പൊതുമരാമത്ത് വകുപ്പ് ഇതുവരെ പാലം ഏറ്റെടുക്കുന്ന തീരുമാനത്തിൽ നിന്നും ഒഴിഞ്ഞു മാറുകയാണ്. പാലത്തിൽ അടിക്കടിയുണ്ടാകുന്ന വലുതും ചെറുതുമായ കുഴികളടക്കാൻ മുൻ കരാറുകാരെ ആശ്രയിക്കുന്ന നയമാണ് അധികൃതർ ചെയ്തു വരുന്നത്. ഇപ്പോഴും പാലത്തിന്റെ മേൽ നോട്ട ആർക്കെന്ന കാര്യത്തിൽ ആശയ കുഴപ്പം നിലനിൽക്കുന്നു. പൊതു മരാമത്ത് വകുപ്പ് ഏറ്റെടുത്ത റോഡും ഇപ്പോൾ തകർന്നു കിടക്കുന്നു.
പൊട്ടിപൊളിഞ്ഞു കിടന്ന പാപ്പാനിശ്ശേരി പഴയങ്ങാടി കവല മുതൽ 500 മീറ്റർ നീളത്തില് കാട്ടിപ്പള്ളിക്ക് സമീപം വരെയും പാപിനിശ്ശേരി കവലയിൽ നിന്നും 11 കിലോമീറ്റർ അകലെ 600 മീറ്ററും 17 കിലോ മീറ്റർ അകലെ 600 മീറ്ററും മാത്രമാണ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കഴിഞ്ഞ വർഷം മെക്കാടം ചെയ്ത് നവീകരിച്ചത്. തകർന്ന ഭാഗങ്ങളിൽ മാത്രമാണ് അറ്റകുറ്റ പണി നടത്തിയതെന്നാണ് അന്ന് പൊതുമരാമത്ത് എൻജീനീയർ പറഞ്ഞത്. എന്നാൽ അപ്പാഴും റോഡിന്റെ പല ഭാഗത്തെ തകർച്ചയും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. കഴിഞ്ഞ വർഷം കെ.എസ്.ടി.പി റോഡിന്റെ 21 കി.മീറ്ററിൽ കേവലം 1.7 കി.മീ ദൈർഘ്യത്തിൽ മാത്രമാണ് മുക്കാൽ കോടി രൂപ ഉപയോഗിച്ച് മിനുക്കാൻ ശ്രമിച്ചത്.
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി -പിലാത്തറ റോഡിലെ പാപ്പിനിശ്ശേരി , താവം മേൽപ്പാലങ്ങളുടെ നിരവധി അപാകങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. പാലം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്താൽ മെക്കാടം ചെയ്ത് നവീകരിക്കുമെന്ന് മുൻപ് മന്ത്രിമാർ അടക്കം വ്യക്തമാക്കിയിരുന്നു.
കെ.എസ്.ടി.പി.ക്ക് സ്വന്തമായി ഫണ്ടില്ലാത്തതിനാൽ പഴയ കരാറുകാരുടെ ഔദാര്യത്തിലാണ് ഇപ്പോഴും പാലത്തിലെ കുഴി പലപ്പോഴും അടക്കുന്നത്. പാലവും റോഡും എത്രയും പെട്ടെന്ന് പൊതു മരാമത്ത് വകുപ്പ് തന്നെ ഏറ്റെടുത്ത് മികച്ച രീതിയിൽ അറ്റ കുറ്റ പണികൾ നടത്തുകയും ട്രാഫിക് സിഗ്നലുകൾ സ്ഥാപിച്ച് ഗതാഗതം സുഗമ മാക്കണമെന്നത് നാട്ടുകാരുടെ ചിരകാലാഭിലാഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.