പാപ്പിനിശ്ശേരി മൃഗാശുപത്രിയിൽ ലൈവ് സ്റ്റോക് ഇൻസ്‍പെക്ടറെ നിയമിക്കും

പാപ്പിനിശ്ശേരി: ഡോക്ടറും ലൈവ് സ്റ്റോക് ഇൻസ്പെക്ടറും ഇല്ലാത്തതിനാൽ പാപ്പിനിശ്ശേരി മൃഗാശുപത്രിയിൽ ചികിത്സ നിലച്ച സംഭവത്തിൽ നടപടിയുമായി മൃഗസംരക്ഷണ വകുപ്പ്. ലൈവ് സ്റ്റോക് ഇൻസ്‍പെക്ടറെ നിയമിക്കാനാവശ്യമായ നടപടി ഉടൻ സ്വീകരിക്കുമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ലേഖ 'മാധ്യമ'ത്തോട് പറഞ്ഞു.

പാപ്പിനിശ്ശേരി മൃഗാശുപത്രിയിൽ ചികിത്സ നിലച്ചെന്ന വാർത്ത കഴിഞ്ഞദിവസം മാധ്യമം നൽകിയിരുന്നു. ജില്ലയിൽ നിലവിൽ 30ലധികം ലൈവ് സ്റ്റോക് ഇൻസ്പെക്ടർമാരുടെ ഒഴിവുണ്ട്. പാപ്പിനിശ്ശേരി മൃഗാശുപത്രിക്ക് മുന്തിയ പരിഗണന നൽകി എത്രയും പെട്ടെന്ന് ലൈവ് സ്റ്റോക് ഇൻസ്പെക്ടറെ നിയമിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്നും ജില്ല മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു.

ഇവിടെ സീനിയർ വെറ്ററിനറി സർജൻ ആയതിനാൽ ഡോക്ടറെ സർക്കാർ നേരിട്ട് നിയമിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതിനായി സർക്കാർതലത്തിൽ ഇടപെടൽ ആവശ്യമാണ്.

മൃഗാശുപത്രിയുടെ ശോച്യാവസ്ഥക്ക് അടിയന്തര നടപടിയെടുക്കണമെന്ന വിഷയം കെ.വി. സുമേഷ് എം.എൽ.എ, പി. സന്തോഷ് കുമാർ എം.പി എന്നിവരുടെ ശ്രദ്ധയിൽപെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് എ.പി. സുശീല പറഞ്ഞു. നൂറുകണക്കിന് ക്ഷീരകർഷകരുടെയും വളർത്തുമൃഗങ്ങളുടെയും ആശ്രയകേന്ദ്രമായ പാപ്പിനിശ്ശേരി മൃഗാശുപത്രിയിൽ ചികിത്സ ഇല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു.

ഡോക്ടറും ലൈവ് സ്റ്റോക് ഇൻസ്പെക്ടറും ഇല്ലാത്തതിനാലാണ് വളർത്തുമൃഗങ്ങൾക്കാവശ്യമായ ചികിത്സ ലഭിക്കാതെ ജനം പൊറുതിമുട്ടുന്നത്. നിലവിൽ എല്ലാത്തരം സൗകര്യവും മികച്ച ചികിത്സയും ലഭിക്കുന്ന മൃഗാശുപത്രിയിൽ നിലവിൽ അറ്റൻഡറും താൽക്കാലിക ജീവനക്കാരനും മാത്രമാണുള്ളത്.

പാപ്പിനിശ്ശേരിയിലെ ഡോക്ടർ സ്ഥലംമാറിപ്പോകുമ്പോൾ പകരം ഡോക്ടറെ നിയമിക്കാതെയാണ് വിടുതൽചെയ്തത്. ലൈവ് സ്റ്റോക് ഇൻസ്പെക്ടറുടെ സ്ഥലംമാറ്റവും പകരക്കാരനെ നിയമിക്കാതെതന്നെ.

ഡോക്ടറും ലൈവ് സ്റ്റോക് ഇൻസ്പെക്ടറുമില്ലാതെയുള്ള മൃഗാശുപത്രി പ്രവർത്തനം പാടേ നിലച്ച അവസ്ഥയിലാണ്. ലൈവ് സ്റ്റോക് ഇൻസ്പെക്ടറെയെങ്കിലും നിയമിച്ചുകിട്ടിയാൽ ഏറെ ഗുണമായിരിക്കുമെന്നാണ് ക്ഷീരകർഷകർ ആവശ്യപ്പെടുന്നത്.

അഴീക്കോട് മൃഗാശുപത്രിയിലെ ഡോക്ടർക്ക് അധിക ചുമതല നൽകി ആഴ്ചയിൽ രണ്ടു ദിവസം മുടക്കംകൂടാതെ സേവനം നൽകാനുള്ള നടപടിയും സ്വീകരിച്ചതായി ജില്ല മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു.

Tags:    
News Summary - Live Stock Inspector will be appointed in Papinissery Veterinary Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.