ദേ​ശീ​യ​പാ​ത പ്ര​വൃ​ത്തിയിൽ​ അ​ട​യാ​ൻ​പോ​കു​ന്ന പ്രാ​ദേ​ശി​ക റോഡ്

ദേശീയപാത നിർമാണം: വഴിമുട്ടി കല്യാശ്ശേരി

പാപ്പിനിശ്ശേരി: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പ്രാദേശിക റോഡുകൾക്ക് സർവിസ് റോഡുകൾ നിർമിക്കാത്തതോടെ ഒരു പ്രദേശം മുഴുവൻ കുരുക്കിലായി. കല്യാശ്ശേരി -ഹാജിറോഡ് ദേശീയപാതയിലെ മൂന്ന് കിലോമീറ്ററോളം ദൂരപരിധിയിലാണ് ഇരുവശങ്ങളിലും മതിൽ കെട്ടിപ്പൊക്കുന്നത്.

ഇതോടെ പ്രദേശത്തെ 15ഓളം പ്രാദേശിക റോഡുകളാണ് അടയുന്നത്. കല്യാശ്ശേരി ഹാജിമൊട്ടയിലെ കുന്നിടിച്ച് നിരപ്പാക്കിയതോടെ കുന്നിന്റെ ഇരുവശത്തുമുള്ളവർ പൂർണമായും പുറത്തിറങ്ങാൻ കഴിയാതെ ഒറ്റപ്പെട്ട സ്ഥിതിയിലാണ്.

കല്യാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപംവരെ കൂറ്റൻ സംരക്ഷണ ഭിത്തിയാണ് നിർമിച്ചിരിക്കുന്നത്. ഇത് വിദ്യാർഥികൾക്കും നാട്ടുകാർക്കും തലവേദനയായി. ദേശീയപാതയുടെ ഭാഗമായി അഞ്ചു മീറ്റർ ഉയരത്തിൽ റോഡ് ഉയരുമ്പോൾ സമീപവാസികളുടെ സഞ്ചാരത്തെ കുറിച്ച് അധികൃതർക്ക് പോലും ഒരു ഊഹവുമില്ല. റോഡിന് ഇരുഭാഗങ്ങളിലുമായി അഞ്ഞൂറോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്.

ധർമശാല, കീച്ചേരി, വേളാപുരം പ്രദേശങ്ങളിൽ കൂറ്റൻ മതിൽ ഉയർന്നെങ്കിലും റോഡിന് ഇരുവശവും സർവിസ് റോഡ് ഒരുക്കിയിട്ടുണ്ട്. കല്യാശ്ശേരി ഭാഗങ്ങളിൽ എന്തുകൊണ്ട് സർവിസ് റോഡ് ഒരുക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ചോദ്യം. കല്യാശ്ശേരി ഹൈസ്ക്കൂൾ, പോളി ടെക്നിക്, യു.പി. സ്കൂൾ എന്നിവിടങ്ങളിലേക്ക് ദിനംപ്രതി രണ്ടായിരത്തിലധികം വിദ്യാർഥികളാണ് എത്തുന്നത്.

ആശുപത്രി, വില്ലേജ് ഓഫിസ്, പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലേക്ക് കാൽനടയായി പോകുന്നവരും നിരവധിയാണ്. പ്രദേശം സന്ദർശിച്ച എം.എൽ.എ, എം.പി തുടങ്ങിയവർ കാര്യമായി സംഭവത്തിൽ ഇടപെട്ടിട്ടില്ല.പദ്ധതി രേഖയിലെ ഗുണദോഷ ഫലങ്ങളെല്ലാം അധികൃതർ മറച്ചുവെച്ചാണ് പ്രവൃത്തി നടത്തുന്നതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.

ഹാജിമൊട്ടയിൽ ടോൾ പ്ലാസ നിർമാണം വരുന്നതും പ്രദേശത്തുകാർക്ക് മറ്റൊരു ദുരിതമായി മാറും. അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം. 

Tags:    
News Summary - National Highway Construction-Kalyassery troubled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.