പാപ്പിനിശ്ശേരി: ദേശീയ പാതയിൽ പാപ്പിനിശേരി-തുരുത്തി-വളപട്ടണം പുഴയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന പുതിയ പാലം പ്രവൃത്തി പുരോഗമിക്കുന്നു. ജോലികള്‍ സുഗമമായി നടത്താൻ തയാറാക്കിയ ബാര്‍ജിന്റെ സഹായത്തോടെയാണ് പാലം പ്രവൃത്തി നടന്നുവരുന്നത്. നിലവില്‍ വളപട്ടണം പുഴക്ക് കുറുകെ തളിപ്പറമ്പ്-കണ്ണൂര്‍ ദേശീയപാതയിലെ വളപട്ടണം പാലത്തെക്കാള്‍ ഏറെ നീളമുള്ളതാണ് പുതുതായി നിർമിക്കുന്ന പാലം.
വളപട്ടണം പുഴയിൽ 32 മീറ്റർ താഴ്ചയില്‍ പൈലിങ് നടത്തിയാണ് പാറയുടെ സ്ഥാനം കണ്ടെത്തിയത്. തുരുത്തിയില്‍ പുഴയിലെ മണ്ണിടല്‍ മാസങ്ങൾക്ക് മുമ്പേ പൂര്‍ത്തിയായിരുന്നു. പാലത്തിന്റെ മധ്യഭാഗത്തുള്ള ഒരു സ്പാൻ 50 മീറ്റർ നീട്ടുന്നതിനും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിന് ഏറ്റവും ഉയർന്ന വെള്ളപ്പൊക്കമുണ്ടായ വിതാനത്തിൽ നിന്നും ആറ് മീറ്റർ ഉയർത്തുന്നതിനുമുള്ള സംവിധാനമൊരുക്കാൻ നിർദേശം വന്നതോടെയാണ് എസ്റ്റിമേറ്റിൽ മാറ്റം വരുത്തേണ്ടിവന്നത്. ഇതോടൊപ്പം മറ്റ് സ്പാനുകളും സമാനമായ രീതിയിൽ ഉയര്‍ത്തുമ്പോള്‍ നീളത്തിലും മാറ്റമുണ്ടാകും.
പാലത്തിന്റെ ആദ്യത്തെ രൂപരേഖ പ്രകാരം നീളം 578 മീറ്റര്‍ ആയിരുന്നു. പുതിയ രൂപരേഖയില്‍ 700 മീറ്ററായി കൂടും. പുതിയ പാലത്തിന്റെ സ്പാനുകളും അപ്രാച്ച് റോഡുകളുടെ നീളവുമടക്കം പാലത്തിന്റെ നീളം ഒരു കിലോമീറ്ററായി വർധിക്കും. പഴയ എസ്റ്റിമേറ്റ് തുക 130 കോടിയായിരുന്നത് പുതിയ അലൈൻമെന്റിലെ മാറ്റങ്ങളടക്കം 190 കോടി രൂപയാകും. കോട്ടക്കുന്ന് ഭാഗത്തും തുരുത്തി ഭാഗത്തുമായി കരയില്‍ 16 തൂണുകളുടെ നിര്‍മാണം ഇതിനകം പൂർത്തിയായി. തുരുത്തിയില്‍നിന്നും കോട്ടക്കുന്നിലേക്ക് പാലത്തെ ബന്ധിപ്പിക്കുമ്പോള്‍ പുതിയതെരു-കാട്ടാമ്പള്ളി റോഡ്, കീരിയാട് എന്നിവിടങ്ങളില്‍ പാലത്തിന് കീഴെയായി അടിപ്പാതയും ഇതിനോടൊപ്പം നിര്‍മിക്കും.
തുരുത്തി പുഴയില്‍ പാലത്തിന്റെ ജോലികള്‍ക്ക് സാമഗ്രകൾ കൊണ്ടുപോകുന്നതിനും ക്രെയിന്‍ ബാര്‍ജില്‍ എടുത്തുവെച്ച് പുഴയിലെ പൈലിങ് നടത്തുന്നതിനും നിര്‍മിച്ച ‘പരശുരാമ’ ബാര്‍ജ് പുഴയില്‍ ഇറക്കിയതിനുശേഷമാണ് പ്രവൃത്തി പുരോഗമിക്കാൻ തുടങ്ങിയത്. ഇനി ഇരുവശവുമുള്ള പുഴയിലെ പാലത്തിന്റെ ജോലികള്‍ കൂടുതല്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. പാലം നിർമിക്കുന്നതിന് ആദ്യമുണ്ടാക്കിയ രൂപരേഖ മാറ്റംവരുത്താൻ നിർദേശം വന്നതിനെ തുടർന്ന് മാസങ്ങളായി നിർമാണ പ്രവൃത്തി മന്ദഗതിയിലായിരുന്നു. എന്നാൽ, പുതിയ രൂപരേഖക്ക് അന്തിമാനുമതി ലഭിച്ചതിനുശേഷം പ്രവൃത്തികൾക്ക് വേഗം കൂടി. ആറുമാസം കൊണ്ട് പാലം പ്രവൃത്തി പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്നാണ് അറിയുന്നത്.
കണ്ടൽ വനമേഖല ഉൾപ്പെടെയുള്ള ഭാഗത്ത് മണ്ണിട്ട് നികത്തിയാണ് വളപട്ടണം പുഴവരെ വേളാപുരം ദേശീയപാത മുതൽ തുരുത്തിവരെ റോഡ് നിർമാണത്തിന്റെ പ്രാഥമിക ഘട്ടം പൂർത്തിയാക്കിയത്. തുടർന്ന് നിരവധി യന്ത്രസാമഗ്രഹികളും സ്ഥലത്ത് എത്തിച്ചിരുന്നു. ഇതോടൊപ്പം തൊഴിലാളികൾക്ക് താമസിക്കാനുള്ള ഹട്ടുകളും നിർമാണത്തിനുള്ള വിവിധതരം സാമഗ്രികളുടെ സംഭരണ ശാലയും ഒരു വർഷം മുമ്പേ ഒരുക്കിയിരുന്നു.
കോൺക്രീറ്റ് പാനൽ സാമഗ്രികളുടെ നിർമാണവും തുരുത്തി കേന്ദ്രമായാണ് നടക്കുന്നത്. രാവും പകലും നൂറുകണക്കിന് തൊഴിലാളികളാണ് ഈ മേഖല കേന്ദ്രീകരിച്ച് മാത്രം പണിയെടുക്കുന്നത്. പാലം പ്രവൃത്തി പൂർത്തീകരിച്ച് ദേശീയപാത പ്രാവർത്തികമാകുന്നതോടെ പാപ്പിനിശ്ശേരി മുതൽ കണ്ണൂർ വരെയുള്ള കടുത്ത വാഹനക്കുരുക്ക് പൂർണമായും ഒഴിവാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. പുതിയ പാത കണ്ണൂർ പട്ടണം കടക്കാതെ നേരെ മുഴപ്പിലങ്ങാടുമായി യോജിക്കുകയാണ് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.