പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ കെ.വി. സുമേഷ് എം.എൽ.എ അനുവദിച്ച ആംബുലൻസിൽ ഡ്രൈവറെ നിയമിക്കാൻ നടപടിയായി. ഡ്രൈവറെ നിയമിക്കാനുള്ള നടപടിയുടെ ഭാഗമായി കണ്ണൂർ എംപ്ലോയ്മെൻറ് ഓഫിസിൽനിന്നും ലഭിച്ച പട്ടിക പ്രകാരം ഈ മാസം 27ന് അഭിമുഖം നടക്കും.
അതിൽ നിന്നും ഒരു ഡ്രൈവറെ നിയമിക്കുന്നതോടെ ആംബുലൻസ് സർവിസ് ആരംഭിക്കാൻ സാധിക്കുമെന്ന് കണ്ണൂർ ബ്ലോക്ക് പ്രസിഡന്റ് കെ.സി. ജിഷ പറഞ്ഞു. ആംബുലൻസ് ഉണ്ട് പേക്ഷ ഡ്രൈവറില്ലെന്ന ‘മാധ്യമം’ വാർത്തയെ തുടർന്നാണ് ബ്ലോ ക്ക് ഭരണസമിതി അടിയന്തിര നടപടി സ്വീകരിച്ചത്.
ഡ്രൈവറുടെ നിയമനം ബ്ലോക്ക് പഞ്ചായത്ത് നേരിട്ട് നടത്തുന്നതിൽ നിയമ തടസ്സമുണ്ട്. സർക്കാർ മാനദണ്ഡം പ്രകാരം മാത്രമേ ഡ്രൈവറെ നിയമിക്കാൻ സാധ്യമാകൂ. മതിയായ ഡ്രൈവർമാരുടെ പട്ടിക ലഭിച്ച് അവർക്ക് അറിയിപ്പു നൽകി 15 ദിവസത്തെ കാലയളവിൽ മാത്രമേ നിയമനം നടത്താൻ പാടുള്ളൂ എന്നാണ് സർക്കാർ നിയമം. എം.എൽഎയുടെ ആസ്തി വികസന ഫണ്ടിൽ 12.5 ലക്ഷം വകയിരുത്തി കഴിഞ്ഞ മാർച്ച് 31നാണ് ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തത്.
എന്നാൽ അതോടൊപ്പം വികസന സമിതിയുടെ ഫണ്ട് ഉപയോഗിച്ച് ഡ്രൈവറെ നിയമിക്കുമെന്നായിരുന്നു കണ്ണൂർ ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാൽ നീണ്ടുപോയി. എന്നാൽ നീണ്ട മൂന്നു മാസത്തോളമെത്തിയിട്ടും ഡ്രൈവറെ നിയമിക്കുന്നതിൽ ആശുപത്രി അധികൃതർ അമാന്തം കാണിച്ചതിനാലാണ് സമീപ വാസികൾ ആക്ഷേപം ഉന്നയിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് ഷെഡ്ഡിൽ കയറ്റി വെച്ചതല്ലാതെ ഇന്നേവരെ ഒരു രോഗിയേപോലും ആംബുലൻസിൽ കൊണ്ടുപോയിട്ടുമില്ല.
ജനങ്ങൾക്ക് മിതമായ നിരക്കിൽ ആംബുലൻസ് സൗകര്യമേർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഓരോ സി.എച്ച്.സിയിലും ആംബുലൻസ് അനുവദിക്കുമെന്ന സർക്കാർ തീരുമാനത്തിന്റെ ചുവടു പിടിച്ചാണ് അഴീക്കോട് എം.എൽ.എ. കെ.വി. സുമേഷിന്റെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി ആംബുലൻസ് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.