പാപ്പിനിശ്ശേരി: മതിയായ ജീവനക്കാരില്ലാത്തത് പാപ്പിനിശ്ശേരി സർക്കാർ ഇ.എസ്.ഐ ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലാക്കുന്നു. ഞായറാഴ്ച ആശുപത്രി പ്രവർത്തനം പൂർണമായി നിലച്ചു. മരുന്ന് വിതരണത്തിന് ജീവനക്കാരില്ലെന്ന അറിയിപ്പ് നോട്ടീസ് ബോർഡിൽ ഒട്ടിച്ചാണ് ഞായറാഴ്ച ആശുപത്രി അടച്ചിട്ടത്. ഇ.എസ്.ഐ ആനുകൂല്യം നേടി പ്രതിവർഷം പതിനായിരക്കണക്കിന് രോഗികളും ആശ്രിതരും എത്തുന്ന ആശുപത്രിയിൽ മതിയായ ജീവനക്കാരില്ലാതായിട്ട് വർഷങ്ങളായി. ഇക്കാര്യത്തിൽ അധികാരികളുടെ ഭാഗത്തുനിന്ന് തികഞ്ഞ അലംഭാവമാണുള്ളതെന്ന് രോഗികൾ കുറ്റപ്പെടുത്തുന്നു. രണ്ട് അലോപ്പതി ഡോക്ടർമാരും ഒരു ഹോമിയോ ഡോക്ടറുമടക്കം മൂന്ന് പേരുണ്ട്. എന്നാൽ രണ്ടു വർഷത്തിലധികമായി നഴ്സ് (എ.എൻ.എം), ഫാർമസിസ്റ്റ്, നഴ്സിങ് അസിസ്റ്റൻറ് എന്നീ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.
ഈ സാഹചര്യത്തിൽ ആശുപത്രിയിൽ രോഗികളെത്തിയാലും മരുന്ന് വിതരണത്തിനും രോഗിപരിപാലനത്തിനും ജീവനക്കാരില്ല. ആകെ നഴ്സിങ് ഓഫിസർ മാത്രമാണുള്ളത്. അവർ ആഴ്ചയിൽ ഒരു ദിവസം ഓഫോ അവധിയോ എടുത്താൽ മരുന്ന് വിതരണം നിലക്കും. ഇത്തരം സാഹചര്യത്തിൽ ആശുപത്രിയിലെത്തുന്ന രോഗികൾ ചികിൽസ ലഭിക്കാതെ തിരിച്ചുപോവുകയാണ്. ആശുപത്രിയുടെ നിയന്ത്രണം കേന്ദ്രസർക്കാറിന് കീഴിലെ ഇ.എസ്.ഐ കോർപറേഷനും ജീവനക്കാരെ നിയമിക്കാനുള്ള ബാധ്യത സംസ്ഥാന സർക്കാറിനുമാണ്. മതിയായ ജീവനക്കാരെ നിയമിക്കാൻ വർഷങ്ങളായി ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് തൊഴിലാളി നേതാക്കളും പരാതിപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.