പാപ്പിനിശ്ശേരി: റെയിൽവേ മേൽപാലത്തിൽ രൂപപ്പെടുന്ന വലിയ കുഴികൾ യാത്രക്കാർക്ക് ദുരിതമാകുന്നു. അധികൃതർ കുഴികളടക്കുംതോറും അതിലും വലിയ കുഴികൾ രൂപപ്പെടുകയാണ്. പാലം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 2018ൽ വാഹനഗതാഗതത്തിന് തുറന്നുകൊടുത്ത പാലത്തിൽ തൊട്ടടുത്ത വർഷം മുതൽ കുഴികൾ രൂപപ്പെടാൻ തുടങ്ങി. നാടിന്റെ വിവിധ കോണുകളിൽ നിന്നും പരാതി ഉയർന്നിട്ടും എൻജിനീയറിങ് വിഭാഗം അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്.
ഒരു വർഷം മുമ്പേ പാലത്തിലെ ഉപരിതലത്തിൽ നിറയെ കുഴികളായതിനാൽ ഒരു മാസം പാലമടച്ച് ഗതാഗതം നിർത്തി ആധുനിക സംവിധാനത്തോടെ കുഴികളടച്ച് സഞ്ചാരയോഗ്യമാക്കിയിരുന്നു. എന്നാൽ, ഒട്ടും താമസിയാതെതന്നെ പാലത്തിലെ ഉപരിതലത്തിൽ വീണ്ടും കുഴികൾ രൂപപ്പെട്ടു. ഇരുചക്ര വാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ കുഴിയില്‍ വീഴുന്നത് പതിവാണ്. ഏതാനും ദിവസം മുമ്പ് ഇരുചക്ര വാഹനയാത്രക്കാരന് കുഴിയില്‍ വീണ് ഗുരുതര പരിക്കേറ്റ് ചികില്‍സയിലാണ്. രണ്ടു മാസത്തിനിടെ രണ്ടുതവണ കുഴികളടച്ചെങ്കിലും താമസിയാതെ വീണ്ടും പെരുംകുഴികളായി രൂപപ്പെട്ടു. ചില വാഹനങ്ങൾ പാലം കടക്കുന്നത് ഒഴിവാക്കാനായി അടിപ്പാതയിലൂടെ കടന്നുപോകുന്നുണ്ട്. നിലവിൽ പാലത്തിന്റെ ഉപരിതലത്തിൽ പത്തിലധികം കുഴികളുണ്ട്.
കെ.എസ്.ടി.പി.യുടെ നേതൃത്വത്തിൽ നടത്തിയ പാലം നിർമാണം കഴിഞ്ഞ് ഒരു വർഷത്തിനകം പൊതുമരാമത്ത് വകുപ്പിന് പാലം വിട്ടുകൊടുക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, പൊതുമരാമത്ത് വകുപ്പ് പാലം ഏറ്റെടുക്കാൻ നിരവധി തവണ കെ.എസ്.ടി.പിയുമായി യോജിച്ച് പരിശോധന നടത്തിക്കഴിഞ്ഞു. പാലത്തിന്റെ അപാകത ചൂണ്ടിക്കാണിച്ച് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കാൻ തയാറില്ല. കെ.എസ്.ടി.പിക്ക് പാലത്തിന്റെ കേടുപാടുതീർക്കാൻ പണവുമില്ല. ഇനി സർക്കാർ ഇടപെട്ട് പൊതുമരാമത്ത് വകുപ്പിന് വിട്ടുകൊടുത്താൽ പാലം മുഴുവൻ മെക്കാടം ടാറിങ് നടത്തി മെച്ചപ്പെടുത്തുമെന്നാണ് അറിയുന്നത്. ഇതിന് ആരു മുൻകൈയെടുക്കുമെന്നാണ് ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.