പാപ്പിനിശേരി: പാപ്പിനിശ്ശേരി-പിലാത്തറ റോഡ് നവീകരണത്തിന്റെ ഭാഗമായി പാപ്പിനിശേരിയിലും താവത്തും പണിത രണ്ട് മേൽപാലങ്ങളും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കാതായപ്പോൾ വെട്ടിലായത് കെ.എസ്.ടി.പി. പാലത്തിന്റെ നിർമാണത്തിലുള്ള അപാകത ചൂണ്ടിക്കാണിച്ചാണ് പൊതുമരാമത്ത് വകുപ്പ് പാലം ഏറ്റെടുക്കാൻ വിമുഖത കാണിച്ചത്.
നവംബറിൽ ഉപരിതലത്തിലെ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങൾ അടച്ചു. 2018 നവംബറിൽ തുറന്നുകൊടുത്ത പാലത്തിൽ എത്രതവണ അറ്റകുറ്റപ്പണി നടത്തിയെന്ന് പറയാൻ കഴിയാത്ത സ്ഥിതിയാണ്. 2019ൽ തുടങ്ങിയ അറ്റകുറ്റപ്പണി 2021 ഡിസംബർ 20ന് ഒരുമാസം വരെ പാലം അടച്ചിട്ടും പ്രവൃത്തികൾ നടത്തിയിരുന്നു. എന്നിട്ടും ഒന്നും പരിഹാരമായില്ല.
ഇപ്പോൾ പാലത്തിന്റെ അടിവശത്തെ വിള്ളലും മറ്റും അടക്കാൻ തീവ്രശ്രമം നടത്തുകയാണ് കെ.എസ്.ടി.പി അധികൃതർ. പ്രവൃത്തി ഇപ്പോഴും തുടരുകയാണ്. എന്നുതീരും ഈ പാലത്തിലെ അറ്റകുറ്റപ്രവൃത്തികളെന്നാണ് നാട്ടുകാരും യാത്രക്കാരും ചോദിക്കുന്നത്.
120 കോടി ചെലവഴിച്ച് നവീകരിച്ച റോഡും അതില്‍ 40 കോടിയിലധികം ചെലവഴിച്ച് നിര്‍മിച്ച രണ്ട് മേൽപാലവും നിർമാണത്തിനുശേഷം പൊതുമരാമത്ത് വകുപ്പിന് കൈമാറണമെന്നാണ് നിബന്ധന. പാലത്തിന്റെ അപാകത കാരണം പാലം ഏറ്റെടുക്കാതെ റോഡുകൾ പൊതുമരാമത്ത് വകുപ്പ് മാസങ്ങൾക്കുമുമ്പേ ഏറ്റെടുത്തുകഴിഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ റോഡ് നവീകരിക്കുകയും ചെയ്തു.
പാലം വിട്ടുകൊടുക്കുന്നതിനായി നിരവധി തവണ പൊതുമരാമത്ത് വകുപ്പിനോട് കെ.എസ്.ടി.പി ആവശ്യപ്പെടുകയുണ്ടായി. പാലം ഏറ്റെടുക്കാൻ രണ്ട് വകുപ്പുകളും ഒത്തൊരുമിച്ച് പരിശോധന നടത്തി. ചൂണ്ടിക്കാട്ടിയ അപാകതകൾ പരിഹരിക്കുമ്പോൾ തൊട്ടടുത്ത ഭാഗത്ത് പുതിയ പ്രശ്നങ്ങൾ തലപൊക്കും.
പാലത്തിലെ തകരാറുകൾ പരിഹരിക്കാനാവശ്യമായ ഫണ്ടും കെ.എസ്.ടി.പിക്കില്ല. നിർമാണം നടത്തി കാലാവധി പൂർത്തിയായ പഴയ കരാറുകാരുടെ ഔദാര്യത്തോടെയാണ് ഇപ്പോൾ അറ്റകുറ്റപ്രവൃത്തി നടത്തിവരുന്നത്. പാലം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്ന തീരുമാനം ഈ സാഹചര്യത്തില്‍ ഇനിയും നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.