പാപ്പിനിശ്ശേരി: പ്രതിദിനം 600ലധികം പേർ ആശ്രയിക്കുന്ന ആശുപത്രി.... എന്നാൽ, വൈകീട്ട് ആറ് മണിക്കുശേഷം ഒ.പി സൗകര്യമില്ല. കിടത്തി ചികിത്സ നിലച്ചിട്ട് വർഷങ്ങൾ. ഇതിനായി സജ്ജീകരിച്ച വാർഡുകൾ ആർക്കും വേണ്ടാതെ നശിക്കുന്നു. ഇതാണ് പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ അവസ്ഥ. ഒരു വികസനവും നടക്കാതെ പേരിനൊരു ആശുപത്രി മാത്രം.
പാപ്പിനിശ്ശേരി ദേശീയപാതയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത് ഈ ആശുപത്രിയുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിലാണ്. അപകടത്തിൽപ്പെട്ടവരുമായി ഇവിടെ ഓടിയെത്തിയാൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞുവിടുന്ന ജോലിയാണ് ഇവിടെയുള്ളവരുടെ രീതി. 600ലധികം നിർധന രോഗികൾ ദിനംപ്രതി ചികിത്സക്കായെത്തുന്ന ആശുപത്രിയിൽ ആദ്യം എട്ടു ഡോക്ടർമാരാണുണ്ടായിരുന്നത്.
എന്നാൽ, ഇപ്പോൾ ആറുപേരുടെ സേവനം മാത്രമാണുള്ളത്. കൂടാതെ പഠനത്തിന്റെ ഭാഗമായി മുമ്പ് ആറ് ഹൗസ് സർജൻമാരുടെ സേവനവും ആശുപത്രിയിൽ ലഭിച്ചിരുന്നു. എന്നാൽ, നാഷനൽ മെഡിക്കൽ കൗൺസിലിന്റെ പുതിയ ഉത്തരവു പ്രകാരം അവരുടെ സേവനം മെഡിക്കൽ കോളജിൽ മാത്രമാക്കി പരിമിതപ്പെടുത്തിയത് ആശുപത്രിക്ക് തിരിച്ചടിയായി. ഇതോടെ ഒരു ദിവസം ഒരു ഡോക്ടർക്ക് ഒ.പിയിൽ നൂറിലധികം രോഗികളെ പരിശോധിക്കേണ്ട അവസ്ഥയാണ്.
ഞായറാഴ്ച ഉച്ച ഒരു മണിക്ക് ആശുപത്രിയടക്കും. തുടർന്നെത്തുന്നവർക്ക് ചികിത്സയില്ല. എല്ലാ ദിവസവും രാത്രി ആറു മണിക്ക് രാത്രിചികിത്സ ഇല്ലെന്ന ബോർഡും പ്രത്യക്ഷപ്പെടും. പ്രസവ സംബന്ധമായ ഡോക്ടറുടെ സേവനവും ലഭ്യമല്ല.
2003ല് 56 കിടക്ക സൗകര്യമടക്കം എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി വികസിപ്പിച്ച ആശുപത്രിയാണിത്. ലക്ഷങ്ങളാണ് അന്നു ചെലവഴിച്ചത്. പിന്നീട് ആശുപത്രിയെ ഘട്ടംഘട്ടമായി ആരോഗ്യ വകുപ്പ് അവഗണിക്കുന്ന അവസ്ഥയാണുണ്ടായത്.
വിവിധ സ്പെഷലിസ്റ്റ് ഡോക്ടർമാരടക്കം സുസജ്ജമായ ആരോഗ്യ സേവന വിഭാഗം ഉണ്ടായിരുന്ന ആശുപത്രിക്ക് പിന്നീട് വളർച്ച മുരടിച്ചു. വർഷങ്ങൾക്കു മുമ്പു മുപ്പതിലേറെ പ്രസവങ്ങളും 60ഓളം രോഗികളെ കിടത്തി ചികിത്സിക്കുകയും ചെയ്ത ആശുപ്രതിയാണിത്. കിടത്തി ചികിത്സക്ക് ഒരുക്കിയ വാർഡുകൾ വർഷങ്ങളായി ശൂന്യമാണ്. എല്ലാ സൗകര്യവുമുള്ള ലേബർമുറി അടക്കം നോക്കുകുത്തിയായി.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ചുമതലയിലുള്ള ആശുപത്രിയുടെ മികച്ച പ്രവർത്തനത്തിന് ഭരണസമിതി ആവശ്യമായ നടപടി സ്വീകരിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.