പാപ്പിനിശ്ശേരി: അപകടപാതയായി പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ്. കഴിഞ്ഞദിവസം അമോണിയവുമായി മംഗളൂരുവിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി കെ.എസ്.ടി.പി റോഡ് കവലക്ക് സമീപം ചതുപ്പിലേക്ക് മറിഞ്ഞു. വൻ ദുരന്തമാണ് ഒഴിവായത്. അപകടങ്ങൾ വർധിക്കുമ്പോൾ അധികൃതർ ഒരു നടപടിയുമെടുക്കാതെ നോക്കുകുത്തിയാവുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ഇതേ സ്ഥലത്ത് മാസങ്ങൾക്ക് മുന്നേ പ്ലൈവുഡുമായി പോവുകയായിരുന്ന ലോറിയും മറിഞ്ഞിരുന്നു.
നിരവധി അപകടങ്ങളുണ്ടാകുന്ന കെ.എസ്.ടി.പി റോഡിലെ അപകട വളവ് ഒഴിവാക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരും വാഹന യാത്രക്കാരും ആവശ്യപ്പെടുന്നത്. വളവ് തിരിയുന്നതിനിടയിൽ ബോൾട്ട് പൊട്ടിയാണ് കഴിഞ്ഞദിവസം അപകടം നടന്നത്. 25 ടണ്ണിലധികം അമോണിയയുമായി കൊച്ചിയിൽനിന്ന് മംഗളൂരുവിലേക്ക് തിരിച്ച ലോറി ക്യാബിൻ വേർപെട്ട് ചതുപ്പിലേക്ക് ടാങ്ക് വീണതിനാലും ചോർച്ചയില്ലാത്തതിനാലും മാത്രമാണ് വൻ ദുരന്തം ഒഴിവായത്.
2018ൽ പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് നവീകരിച്ച് തുറന്നതോടെ നിരവധി അപകടമാണ് റോഡിൽ ഉണ്ടായത്. ഇതിനകം നിരവധി പേർ മരിക്കുകയും ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടം ഒഴിവാക്കാനായി സത്വര നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ പറയുന്നു. പൊലീസും മോട്ടോർ വാഹനവകുപ്പും ഉണർന്നു പ്രവർത്തിക്കണമെന്നും ആവശ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.