പാപ്പിനിശ്ശേരി: വാഹനക്കുരുക്കിൽ വീർപ്പുമുട്ടിക്കൊണ്ടിരിക്കുന്ന പാപ്പിനിശ്ശേരി ദേശീയപാതയിലെ കുരുക്കഴിക്കാൻ പുതുവർഷത്തിൽ പുതിയ രണ്ടു പാലംകൂടി വരുന്നു. നിലവിലുള്ള വളപട്ടണം പാലത്തിനു പുറമെ രണ്ടു പാലം കൂടി പണി പൂർത്തിയായാല്‍ വളപട്ടണം പുഴ കടക്കാൻ മൂന്നു പാലങ്ങളുണ്ടാകുമെന്ന ആശ്വാസത്തിലും സന്തോഷത്തിലുമാണ് നിവാസികൾ.
ദേശീയപാതയുടെ ഭാഗമായി തുരുത്തിയിൽ നിർമിക്കുന്ന ഒരു കിലോമീറ്ററോളം ദൈർഘ്യമുള്ള തുരുത്തി പാലം ആറു വരിയിലാണ് നിർമിക്കുന്നത്. നിർമാണം പൂർത്തിയായാൽ കേരളത്തിലെ തന്നെ വലിയ പാലങ്ങളിൽ മുന്നിട്ടുനിൽക്കുന്നതാണ് തുരുത്തി പാലം. പാലത്തിെൻറ ഡിസൈൻ പ്രവൃത്തികൾ നടന്നുവരുന്നതായും അതു ലഭിച്ചാൽ മാത്രമേ പാലത്തിെൻറ നീളവും വീതിയും നിർമാണ ചെലവും വ്യക്തമാവുകയുള്ളൂവെന്നും ഡിസൈൻ ലഭിച്ചാൽ നിർമാണ പ്രവർത്തി ഉടൻ ആരംഭിക്കുമെന്നുമാണ് അധികൃതർ അറിയിച്ചത്.
ദേശീയപാത വികസനത്തിെൻറ ഭാഗമായി കണ്ണൂർ ബൈപാസിൽ വളപ്പട്ടണം പുഴക്ക് കുറുകെ തുരുത്തിയിൽ നിർമിക്കുന്ന പുതിയ പാലം പ്രവൃത്തികൾക്ക് ആവശ്യമായ കൂറ്റൻ യന്ത്രങ്ങളും മറ്റ് ഒരുക്കങ്ങളും തുരുത്തിയില്‍ പൂർത്തിയായി. കണ്ണൂർ ബൈപാസിൽ നിർമിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ പാലമാണ് തുരുത്തിയിലെ നിർദിഷ്ട പാലം. വളപട്ടണം പുഴയുടെ ഇരുഭാഗത്തും ഉള്ള തുരുത്തി-കോട്ടക്കുന്ന് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് നിർമിക്കുന്ന പാലമാണ് പുതിയ തുരുത്തി പാലം.
ഈ പാലത്തിന് ഒരു കി.മീറ്റർ ദൈർഘ്യമാണ് പ്രതീക്ഷിക്കുന്നത്. പാപ്പിനിശ്ശേരി പഞ്ചായത്തിനെയും നാറാത്ത് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കല്ലൂരിക്കടവ് പാലമാണ് രണ്ടാമത്തെ പുതിയ പാലം.പാലം നിർമാണത്തിനുള്ള സ്ട്രക്ചറൽ ഡിസൈനും 25 കോടിയുടെ ഭരണാനുമതിയും ലഭിച്ചു. 365 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള കല്ലൂരി പാലം പൂർത്തീകരിക്കാൻ 40 കോടിയോളം രൂപയുടെ സാങ്കേതിക അനുമതി ആവശ്യമായിവരുമെന്ന് കണ്ണൂർ കിഫ്ബി അധികൃതർ പറഞ്ഞു. 2018ലെ പാപ്പിനിശ്ശേരി മേൽപാലവും മറ്റു മൂന്നു പാലങ്ങളും ചേരുമ്പോൾ പാപ്പിനിശ്ശേരി പാലങ്ങളുടെ നാടായി മാറുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.