പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മേൽപാലം അടിയന്തരമായി അറ്റുകുറ്റപ്പണി നടത്തണമെന്ന ആവശ്യം ശക്തമായി. പഴയങ്ങാടി പാലത്തിന്റെ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാൽ പാപ്പിനിശ്ശേരി, താവം മേൽപാലങ്ങൾവഴി വലിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
ഇതോടെ പാപ്പിനിശ്ശേരി മേൽപാലം വഴിയുള്ള വാഹനങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾക്കും യാത്രക്കാർക്കും പ്രയാസമില്ലാതെ പാലത്തിന്റെ ഉപരിതലത്തിലെ കുഴികളും അടിഭാഗങ്ങളിൽ വന്ന പൊട്ടലുകളും നവീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. എന്നാൽ, ഇതിനാവശ്യമായ ഫണ്ടില്ലെന്നാണ് കെ.എസ്.ടി.പി അധികൃതരുടെ വിശദീകരണം.
2018ൽ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽതന്നെ പാലത്തിന്റെ ജോയന്റുകളിൽ വിള്ളലുകൾ കണ്ടെത്തിയിരുന്നു. കൂടാതെ നിരവധി കുഴികളും രൂപപ്പെട്ടു. ഇത് നിർമാണത്തിലെ അപാകതകൊണ്ടാണെന്ന ആരോപണം ശക്തമായിരുന്നു.
തുടർന്ന് തകർച്ച പരിഹരിക്കാൻ കഴിഞ്ഞ വർഷം ഒരുമാസം പാലം അടച്ചിട്ട് പ്രവൃത്തി നടത്തിയിട്ടും പരിഹാരമായില്ല. കൂടാതെ തൂണുകളിലും സ്പാനുകളിലും വിള്ളലുമുണ്ടായി. നിർമാണ കരാർ ഏറ്റെടുത്ത ആർ.ഡി.എസിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രിമാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നുമുണ്ടായില്ല.
കരാറുകാർക്ക് പാലത്തിൽ ഒരുവർഷത്തെ ഉത്തരവാദിത്തം മാത്രമാണുണ്ടായത്. ആ കാലാവധി കഴിഞ്ഞ് അവർ ഒഴിഞ്ഞുപോവുകയും ചെയ്തു. പാലത്തിന് ബലക്ഷയമുണ്ടെന്ന പരാതി ഉയർന്നതോടെ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണം ഒരുഭാഗത്ത് നടക്കുമ്പോൾ നവീകരണവും തകൃതിയായി നടന്നു. എന്നിട്ടും കുഴികളുടെ എണ്ണം കുറയുന്നില്ല.
പാലം തുറന്നു കൊടുക്കുമ്പോൾ 30ൽപരം സൗരോർജ വിളക്കുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇവയുടെ ആയുസ്സ് ഒരുമാസം മാത്രമായിരുന്നു.
പാപ്പിനിശ്ശേരി മേൽപാലത്തിലെ അപാകതകളും അടിക്കടിയുണ്ടാകുന്ന കുഴികളും അടക്കുന്ന കാര്യത്തിൽ ബന്ധപ്പെട്ടവർ ശാശ്വത പരിഹാരം കാണുന്നില്ല. ജനങ്ങളുടെ കണ്ണിൽപൊടിയിടുന്ന തരത്തിലുള്ള തട്ടിക്കൂട്ടലുകളാണ് നടക്കുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കുമുമ്പ് ഒരന്വേഷണ കമീഷൻ പരിശോധന നടത്തിപ്പോയി. എന്നാൽ, അതിന്റെ തീരുമാനമെന്താണെന്ന് ഇതേവരെ വെളിപ്പെടുത്തിയിട്ടില്ല. സ്ഥലം എം.എൽ.എയും ജില്ല കലക്ടറും ഇടപെട്ട് പാലത്തിലെ അപാകത പരിഹരിക്കാൻ അടിയന്തര നടപടിയുണ്ടാവണം. അല്ലാത്തപക്ഷം കടുത്ത ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കേണ്ടതായി വരും.
കോടികൾ മുടക്കി നിർമിച്ച മേൽപാലത്തിലൂടെ നാളിതുവരെ സുഗമമായി വാഹനയാത്ര നടത്താൻ സാധിച്ചിട്ടില്ല. പാലത്തിന്റെ നിർമാണ പ്രവൃത്തി നടത്തിയതിൽ ഡൽഹിയിലുള്ള കമ്പനിയെ മാത്രം പഴി ചാരിയിട്ട് കാര്യമില്ല. മേൽനോട്ടം നടത്തിയ സൈറ്റ് എൻജിനീയറടക്കം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പ്രതിചേർത്ത് കേസെടുക്കണം.
ഇതിന് പൊതുമരാമത്ത് മന്ത്രി മുൻകൈയെടുക്കണം. എന്നാൽ, മാത്രമേ ഭാവിയിലും ഇത്തരം വീഴ്ചകൾക്ക് പരിഹാരമാവുകയുള്ളൂ. രാത്രികാലങ്ങളിൽ പാലത്തിലെ തെരുവു വിളക്കുകൾ തെളിയാത്തതിനാൽ ഇരുചക്രവാഹനങ്ങളടക്കം നിരവധി അപകടങ്ങളാണ് ഉണ്ടാവുന്നത്. ഇതെല്ലാം പരിഹരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.