പാപ്പിനിശ്ശേരി: വളപട്ടണം പുഴയിൽ ഇരുട്ടിന്റെ മറവിൽ അനധികൃത മണലൂറ്റ് സംഘം സജീവം. പുഴയുടെ പല ഭാഗത്തും നിരവധി തോണികളിലായാണ് മണലൂറ്റ് നടത്തി രാത്രികാലത്ത് വൻവിലയിൽ മറിച്ച് വിൽക്കുന്നത്. മണലൂറ്റ് സംഘത്തെ പിടികൂടാൻ പൊലീസുകാർ എത്തിയാലും മണൽ എടുക്കുന്നവരെ പിടികൂടാൻ സാധിക്കാറില്ല.
കഴിഞ്ഞ ദിവസം രാത്രി വളപട്ടണം പുഴയുടെ ഭാഗമായ പാപ്പിനിശ്ശേരി പാറക്കൽ ഭാഗത്ത് മാത്രം പത്തിലധികം തോണികളാണ് പതിവുപോലെ മണലൂറ്റിൽ ഏർപ്പെട്ടത്. വളപട്ടണം പൊലീസ് സ്ഥലത്തെത്തിയെങ്കിലും പുഴയിലിറങ്ങി മാഫിയക്കാരെ പിടികൂടാൻ ഒരു സംവിധാനവും ഇല്ലാതെ തിരിച്ചുപോയെന്ന് സമീപവാസികൾ പറയുന്നു. പ്രദേശവാസികൾ ഇവരുടെ അക്രമം ഭയന്ന് മിണ്ടാറില്ല.
മുൻകാലത്ത് തീരദേശ പൊലീസിന്റെ സ്പീഡ് ബോട്ട് ഉപയോഗിച്ച് പുഴയിലെ അനധികൃത മണലൂറ്റുകാരെ പിടികൂടാൻ ശ്രമം നടത്താറുണ്ടായിരുന്നു. നിലവിൽ അത്തരം സംവിധാനവും ഇല്ലാത്തതിനാൽ വളപട്ടണം പുഴയുടെ പലഭാഗത്തും മണലെടുപ്പ് സംഘങ്ങൾ സജീവമാണ്. വളപട്ടണം പുഴയിൽ പറശ്ശിനിക്കും പാപ്പിനിശ്ശേരിക്കും ഇടയിൽ ചെറുദ്വീപുകളും മണൽ തിട്ടകൾ നിറഞ്ഞ നിരവധിയുള്ള മേഖലയാണ്. എളുപ്പത്തിൽ നല്ല മണൽ ശേഖരിക്കാൻ സാധിക്കുന്നതിനാൽ അത്തരം സ്ഥലങ്ങളിലാണ് മിക്കപ്പോഴും ഇവർ താവളമാക്കുന്നത്. ഇതിന്റെ ഫലമായി ജൈവ വൈവിധ്യം നിറഞ്ഞതും മനോഹരവുമായ ചെറുതുരുത്തുകൾ ഭീഷണി നേരിടുന്നു. പല മണൽത്തിട്ടകളും ഇതിനകം പുഴയിൽ അമർന്നു കഴിഞ്ഞു.
രാത്രി കാലത്ത് അനധികൃതമായി ശേഖരിക്കുന്ന മണൽ സൂക്ഷിക്കാനും കടത്താനും പുഴയോരങ്ങളിൽ തന്നെ നിരവധി ഒളിത്താവളങ്ങളുണ്ട്.
പുലർച്ച നാലിന് മുമ്പ് തന്നെ ഏജന്റുമാർ മുഖേന അനധികൃതമായി ശേഖരിക്കുന്ന മണൽ ആവശ്യക്കാർക്ക് എത്തിച്ചുനൽകും. ഇത് തടയാൻ ഫലപ്രദമായ ഒരു സംവിധാനം പൊലീസിനും മറ്റുമില്ലാത്തതിൽ അധികൃതർക്ക് അനക്കമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.