പാപ്പിനിശ്ശേരി: നിർമാണത്തിൽ അപാകത കണ്ടെത്തിയ പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിെൻറ തൂണുകളിൽ മാസങ്ങളായി നടത്തുന്ന അറ്റകുറ്റപ്പണി തുടരുന്നു. മേൽപാലത്തിെൻറ ചില തൂണുകളിലാണ് ചെറിയ തോതിൽ വിള്ളലുകൾ ആദ്യം കണ്ടെത്തിയത്. പാലത്തിെൻറ സ്ലാബുകൾ ചേർത്തുനിർത്തിയ മൂന്നോളം തൂണുകളിലാണ് ഇപ്പോള്‍ അറ്റകുറ്റപ്പണികൾ നടത്തുന്നത്.
പാലത്തില്‍ ചെറിയ വിള്ളൽ മാത്രമാണ് കണ്ടെത്തിയതെന്നും ഇത് സാരമാക്കേണ്ടതില്ലെന്നും അധികൃതര്‍ തുടക്കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, നീണ്ട ദിവസങ്ങളിലായി പ്രവൃത്തി തുടര്‍ന്നുപോകുന്നത് സമീപവാസികളില്‍ ആശങ്കക്ക് കാരണമാകുന്നു. പാലത്തിനു സാരമായ കേടുപാടുള്ളതായാണ് ആശങ്ക.
തകരാർ കണ്ടെത്തിയ ഭാഗത്തെ കോൺക്രീറ്റ് പാളി ഇളക്കി വീണ്ടും ചെറിയ കമ്പികൾ ചേർത്ത് കോൺക്രീറ്റ് നിറച്ചാണ് തൂണിനെ ബലപ്പെടുത്തുന്ന പ്രവൃത്തി നടത്തുന്നത്. ദേശീയ പാതയിൽ വളപട്ടണം പാലത്തിെൻറ തൂണുകളിൽ മൂന്നു വർഷം മുമ്പ് നടത്തിയ അറ്റകുറ്റപ്പണിക്ക് സമാനമായ രീതിയിലാണ് പ്രവൃത്തി.
പാലം നിർമിച്ച കരാറുകാർ തന്നെയാണ് ഇപ്പോൾ അറ്റകുറ്റപ്പണിയും നടത്തുന്നത്. പാപ്പിനിശ്ശേരി -പിലാത്തറ കെ.എസ്.ടി.പി റോഡിെൻറ കൺസൽട്ടൻസി കമ്പനിയായ ഈജീസ് ഗ്രൂപ്പിന് കീഴിൽ കരാറെടുത്ത ആർ.ഡി.എസ് കമ്പനിയാണ് പാപ്പിനിശ്ശേരി, താവം മേൽപാലങ്ങള് നിർമിച്ചത്. പാലാരിവട്ടം പാലമടക്കം നിർമിച്ച ആർ.ഡി.എസ് ഇതിനകം സർക്കാറിെൻറ കരിമ്പട്ടികയിൽ ഇടംപിടിച്ച കമ്പനിയാണ്.
2013 ഏപ്രിലിൽ തുടക്കമിട്ട പ്രവൃത്തി പൂർത്തിയാക്കി 2018 നവംബറിലാണ് ഉദ്ഘാടനം ചെയ്തത്. 120 കോടിയുടെ നവീകരണ പദ്ധതിയിൽ രണ്ടു മേൽപാലങ്ങളും ഉൾപ്പെടും. ഇതിൽ 40 കോടിയോളം രൂപയാണ് 550 മീറ്ററോളം ദൈർഘ്യമുള്ള പാപ്പിനിശ്ശേരി മേൽപാലത്തിന് മാത്രം ചെലവഴിച്ചത്.
മേൽപാലം നിർമാണത്തിെൻറ അപാകത ഉദ്ഘാടനം ചെയ്ത് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വ്യക്തമായിരുന്നു. എക്സ്പാൻഷൻ ജോയൻറുകളിലെ വിള്ളലും വാഹനങ്ങൾ കടന്നുപോകുമ്പോഴുണ്ടാകുന്ന വലിയ ഇളക്കവും തുടക്കം മുതൽതന്നെയുണ്ടായിരുന്നു. പരാതികൾ ശക്തമായതോടെ വിജിലൻസ് അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചിരുന്നു. നിലവിൽ അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി പാലം സന്ദർശിച്ച വിദഗ്ധരും നിർമാണത്തിലെ അപാകത ചൂണ്ടിക്കാണിച്ചിരുന്നു. പാലം നിർമിച്ച കരാറുകാർക്ക് തന്നെയാണ് അടുത്ത അഞ്ചു വർഷത്തെ അറ്റകുറ്റപ്പണിക്കുള്ള ഉത്തരവാദിത്തവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.