ക​ല്യാ​ശേ​രി -പാ​പ്പി​നി​ശേ​രി മേ​ഖ​ല​യിലെ നെ​ല്‍ വ​യ​ലു​ക​ളിൽ വിളഞ്ഞുനിൽക്കുന്ന

വ​രി​നെ​ല്ലു​ക​ള്‍

പുത്തരിയുണ്ണാൻ പുതു നെല്ലില്ല; പകരം വരിനെല്ല്

പാപ്പിനിശ്ശേരി: ഇത്തവണ ഓണത്തിനു പുത്തരി ഉണ്ണാന്‍ പുതു നെല്ലില്ല. പകരം വരിനെല്ല്. ജില്ലയിലെ പ്രധാന പാടശേഖരങ്ങളിലെല്ലാം വരിനെല്ലുകൾ വലിയ തോതില്‍ വിരിഞ്ഞുനില്‍ക്കുകയാണ്.കല്യാശ്ശേരി, പാപ്പിനിശ്ശേരി മേഖലകളില്‍ കൃഷിയിടങ്ങളില്‍ വരിനെല്ലുകള്‍ വ്യാപകമാണ്.

അത്തം കഴിഞ്ഞ് ഓണത്തെ വരവേൽക്കാൻ നാടെങ്ങും ഉത്സവ തിമർപ്പിലായെങ്കിലും ഐശ്വര്യ സമുദ്ധിയായ ഓണത്തെ വരവേൽക്കാനുള്ള നെൽപാടങ്ങൾ ഗ്രാമങ്ങളിൽ അന്യമാകുന്നു. പകരം മിക്ക പാടശേഖരങ്ങളും വരിനെല്ലുകൾ പൂത്തുലഞ്ഞ് നെൽപ്പാടങ്ങളെ കീഴടക്കിയിരിക്കുകയാണ്.

കർഷകർ അസുരവിത്തായി കണക്കാക്കുന്ന വരിനെല്ലുകൾ വർഷം കഴിയുന്തോറും നെൽപാടങ്ങൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കാലവര്‍ഷക്കെടുതിയിലും പ്രകൃതിക്ഷോഭത്തിലും ദേശീയപാത വികസനത്തിനും നെൽപാടങ്ങള്‍ വഴിമാറേണ്ടി വന്നിട്ടുണ്ട്.

ഇത് നെല്‍ കൃഷിക്കാരെ തെല്ലൊന്നുമല്ല കൃഷിയിൽനിന്നും പിന്നോട്ടടുപ്പിച്ചത്. പഴയ കാലത്ത് നെൽപാടങ്ങളിലെ ഏറ്റവും വലിയ കളയായ വരിനെല്ലുകൾ പിഴുത് മാറ്റിയിരുന്നു. എന്നാല്‍, പുതിയ കാലത്ത് വരിനെല്ലുകൾ പറിച്ചു മാറ്റാൻപോലും ആളില്ലാത്ത അവസ്ഥയാണ്. ആ കാലത്ത് നെൽച്ചെടിയും വരിനെല്ലും തിരിച്ചറിയാൻ പൂർവികരായ കർഷക തൊഴിലാളികൾ പ്രത്യേക വൈദഗ്ദ്യം കാട്ടിയിരുന്നു.എന്നാൽ, പുതിയ കാലത്ത് അത്തരം കളകളെ ആദ്യ ഘട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്തതും ഇവ വ്യാപകമാകാൻ കാരണമാകുന്നു.

എന്താണ് വരിനെല്ല് ?

നെല്ലിനോടൊപ്പം തന്നെ വളരുകയും നെൽകൃഷിക്ക് ഭിഷണിയാകുകയും ചെയ്യുന്ന കളയാണ് വരിനെല്ല്. നെല്ലിന്‍റെ ഏറ്റവും അടുത്ത ബന്ധുത്തിൽപ്പെട്ട ഇവ വളർന്ന് നെല്ലിന്‍റെ അളവ് ഗണ്യമായി കുറക്കും. 70 ശതമാനം വരെ വിള നഷ്ടം വരിനെല്ലുവഴി ഉണ്ടാകാറുണ്ട്.

വേഗത്തിൽ മുളക്കുകയും വിരിഞ്ഞടങ്ങി പാടത്തുതന്നെ കൊഴിഞ്ഞ് വീഴുകയും ചെയ്യുന്ന ഇവക്ക് ഏത് പ്രതികൂലകാലാവസ്ഥയിലും തഴച്ചുവളരാനുള്ള ശേഷിയുമുണ്ട്. ഏതു കാലാവസ്ഥയെയും അനുകൂലമാക്കി പാടങ്ങളെയെല്ലാം കീഴടക്കി വരിനെല്ല് നെൽകൃഷിക്ക് വർഷം കഴിയുന്തോറും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 

Tags:    
News Summary - There is no new paddy to cook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.