പാപ്പിനിശ്ശേരി: പുതുവർഷം പുലർന്നത് നാടിനെ ഞെട്ടിച്ച ദുരന്തവാർത്തയോടെയാണ്. ദേശീയപാതയില്‍ ചുങ്കം മുത്തപ്പന് ക്ഷേത്രത്തിന് സമീപം നടന്ന വാഹനാപകടത്തില്‍ രണ്ടു യുവാക്കളാണ് അതിദാരുണമായി മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്. ഓടിക്കൂടിയ നാട്ടുകാര്‍ ഗുരുതര പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ദേശീയപാതയിൽ കീച്ചേരി മുതൽ വളപട്ടണം പാലം വരെ അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങൾ ഇതിനകം നിരവധിപേരെ കുരുതികൊടുത്തു. അപകടപരമ്പര തുടരുമ്പോഴും അധികൃതര്‍ക്ക് കൈയുംകെട്ടി നോക്കിനിൽക്കാനേ സാധിച്ചിട്ടുള്ളൂ.
പാപ്പിനിശ്ശേരി ദേശീയപാത മരണം മാടിവിളിക്കുന്ന പാതയായി തുടരുമ്പോൾ ഒരു സുരക്ഷ സംവിധാനവും അധികൃതർ ഏർപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നാണ് വാഹനയാത്രക്കാരും നാട്ടുകാരും ചോദിക്കുന്നത്. ധർമശാല മുതൽ വളപട്ടണം പാലംവരെ ഡിവൈഡർ സ്ഥാപിക്കാൻ വർഷങ്ങളായി രാഷ്ട്രീയ സാമൂഹിക നേതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടിട്ടും നടപടിയില്ലാത്തതിനാലാണ് ഇത്രയധികം അപകടങ്ങളും മരണങ്ങളും തുടരാൻ ഇടയാകുന്നത്.
ദേശീയപാത വികസനത്തിനും മറ്റ് പദ്ധതികൾക്കുമായി കോടികൾ സർക്കാർ ചെലവഴിക്കുമ്പോൾ കേവലം അഞ്ചു കിലോമീറ്റർ ദൂരത്തിൽ അനുദിനം നടക്കുന്ന അപകടങ്ങളും മരണങ്ങളും ഒഴിവാക്കാൻ നടപടിയില്ലാത്തതിൽ പരക്കെ ആക്ഷേപമുണ്ട്.
ദേശീയപാതയിൽ പുതിയ റോഡ് വികസന പ്രവൃത്തികൾ നടക്കുമ്പോൾ ഇരു ഭാഗത്തുകൂടിയും അമിതവേഗതയിലാണ് വാഹനങ്ങൾ പോകുന്നത്. കുറ്റിക്കോലിനും വേളാപുരത്തിനും ഇടയിൽ ആഴ്ചകൾക്കുള്ളിൽ മരിച്ചത് നിരവധി വാഹനയാത്രക്കാരാണ്. കെട്ടിട നിർമാണ തൊഴിലാളി സന്ദീപ് കുമാർ, ദേശാഭിമാനി ജീവനക്കാരൻ ജയചന്ദ്രൻ, പത്താംതരം വിദ്യാർഥി മുഷൈദ്, അമിത വേഗത്തിലെത്തിയ മീൻ ലോറിയിടിച്ച് ബക്കളത്തെ ഫോട്ടോഗ്രാഫർ രഞ്ജിത്ത് നെല്ലിയോടൻ എന്നിവരുടെ ജീവനാണ് ഈ പാതയിൽ പൊലിഞ്ഞത്.
ഇതോടൊപ്പമാണ് ശനിയാഴ്ച നടന്ന വാഹനാപകടത്തിൽ വടകര സ്വദേശികളായ കമൽജിത്തും അശ്വന്തും മരിച്ചത്. നാട്ടിൽനിന്ന് സുഹൃത്തുക്കളോടൊപ്പം പത്തുമണി വരെ പുതുവർഷാഘോഷത്തിൽ ചെലവഴിച്ചവരാണ് ഇവർ. അതിനുശേഷമാണ് പറശ്ശിനിക്കടവ് മുത്തപ്പൻ സന്നിധിയിലെത്തിയതെന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്. ഇത് മരണ യാത്രയാകുമെന്ന് ആരും കണക്കാക്കിയില്ല.
മരിച്ചുവീഴുന്നവരിൽ ഭൂരിഭാഗവും യുവാക്കളാണ്. ഇനിയെങ്കിലും ദേശീയപാത വിഭാഗവും പൊതുമരാമത്ത് വകുപ്പും ഈ മരണ പാതക്ക് ഡിവൈഡറും മറ്റ് സുരക്ഷ സംവിധാനവും ഏർപ്പെടുത്തിയേ മതിയാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.