പാപ്പിനിശ്ശേരി: ദേശീയപാതയിൽ തിരക്കേറിയ വളപട്ടണം പാലത്തിൽ തെരുവു വിളക്കുകൾ കണ്ണടച്ചിട്ട് മാസങ്ങൾ. ദേശീയപാത അധികൃതരും പഞ്ചായത്തും അനങ്ങാപ്പാറ നയം തുടരുകയാണ്. ആറു വർഷം മുമ്പ് പാപ്പിനിശ്ശേരി പഞ്ചായത്ത് അധികൃതരാണ് സ്പോൺസർമാരെ കണ്ടെത്തി പാലത്തിലെ തെരുവു വിളക്ക് കത്തിക്കാൻ ഫലപ്രദമായ സംവിധാനം ഏർപ്പെടുത്തിയത്.
ഇത് രണ്ടു വർഷത്തോളം തുടർന്നെങ്കിലും പിന്നീട് അവയും താളം തെറ്റി. ദേശീയപാത നാലുവരിയാക്കുന്നതിന്റെ ഭാഗമായി പാലവും റോഡും കരാർ കമ്പനിയായ വിശ്വസമുദ്രക്ക് കൈമാറിയ ശേഷവും ദുർഗതി തുടരുകയാണ്. റോഡിന്റെ നവീകരണ പ്രവൃത്തികൾ നടത്തുന്നത് കരാർ കമ്പനിയാണ്.
ആറു മാസമായി പാലത്തിലെ ഒരു ഭാഗത്തെ വിളക്കുകൾ പൂർണമായി കണ്ണടച്ചെങ്കിലും മറുഭാഗത്തെ ഏതാനും വിളക്കുകൾ ഭാഗികമായെങ്കിലും പ്രകാശിച്ചിരുന്നു. അര കിലോമീറ്ററോളം ദൈർഘ്യമുള്ള പാലത്തിൽ 40ൽ പരം വിളക്കു കാലുകളാണുള്ളത്. ഇതിൽ ഒന്നു മാത്രമാണ് ഇപ്പോൾ പ്രകാശിക്കുന്നത്. 2016ൽ ആണ് പാലത്തിൽ വലിയ അറ്റകുറ്റപ്പണി നടത്തിയത്. തുടർന്നാണ് വിളക്കുകളും പ്രവർത്തിക്കാൻ തുടങ്ങിയത്. നിലവിൽ പാലത്തിൽ പലഭാഗത്തും തകർച്ചയും നേരിടുകയാണ്.
നടപ്പാതയിൽ നിരവധി സ്ലാബുകൾ തകർന്ന് കാൽനട യാത്ര പോലും ദുസ്സഹമായിട്ടുണ്ട്. രാത്രിയിലെ കൂരിരുട്ടും പൊതുജനങ്ങൾക്ക് വെല്ലുവിളിയാകുകയാണ്. ഇക്കാര്യത്തിൽ സ്ഥലം എം.എൽ.എയും ദേശീയപാത വിഭാഗവും ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.