പാപ്പിനിശ്ശേരി: കപ്പൽ കടന്നുപോകാൻ തക്ക ഉയരമില്ലാത്തതിനാൽ വളപട്ടണം പുഴയിൽ ആറുവരി ദേശീയപാതയുടെ ഭാഗമായി നിർമിക്കുന്ന പുതിയ പാലം പ്രവൃത്തി വൈകും. കപ്പൽ പോകാൻ പാകത്തിൽ നിലവിലുള്ള രൂപകൽപന മാറ്റാനുള്ള ആവശ്യവുമായി ഇൻലാൻഡ് നാവിഗേഷൻ ചീഫ് എൻജിനീയറും സംസ്ഥാന ചീഫ്സെക്രട്ടറിയുമായി തിരുവനന്തപുരത്ത് ചർച്ച നടത്തി.
നിലവിൽ 35 മീറ്റർ നീളത്തിലുള്ള സ്പാനുകൾ 50 മീറ്ററായി നീട്ടാൻ മുഖ്യമന്ത്രി അംഗീകാരം നൽകിയതായി അറിയുന്നു. നിലവിൽ അംഗീകാരം ലഭിച്ച ഡിസൈൻ പ്രകാരം പ്രവൃത്തി തുടങ്ങാനാവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും യന്ത്രസാമഗ്രികളും പാപ്പിനിശ്ശേരിയിലെ തുരുത്തിയിലും കാട്ടാമ്പള്ളിയിലും പുഴയോരത്ത് ഒരുക്കിക്കഴിഞ്ഞിരുന്നു.
നടപടികൾ നീളുന്നതോടെ ഇവ നിശ്ചലമായിക്കിടക്കുകയാണ്. ഇൻലാൻഡ് നാവിഗേഷന്റെ ഭാഗത്തുനിന്ന് നിർദേശം ലഭിക്കാത്തതിനാൽ പ്രവൃത്തി തുടങ്ങുന്നത് വൈകും. അംഗീകാരം ലഭിച്ച ഡിസൈൻ പ്രകാരം നിലവിൽ 35 മീറ്റർ നീളത്തിലുള്ള സ്പാനുകൾ നിർമിക്കണം.
എന്നാൽ, മധ്യഭാഗത്തെ ഒരു സ്പാൻ 50 മീറ്ററായി നീട്ടാനും ഏറ്റവും ഉയർന്ന വെള്ളപ്പൊക്ക ഉയരത്തിൽനിന്ന് ആറു മീറ്റർ ഉയർത്താനുമാണ് ഇപ്പോൾ തീരുമാനമായത്. അതോടനുബന്ധിച്ച് ഉയരവും കൂടും. മറ്റ് സ്പാനുകളും സമാനമായരീതിയിൽ ഉയരം കൂട്ടണമെന്നാണ് ഇൻലാൻഡ് നാവിഗേഷൻ അധികൃതർ ആവശ്യപ്പെട്ടത്. എന്നാൽ, മാത്രമേ ചരക്കുകപ്പലടക്കം ഭാവിയിൽ ഇതുവഴി കടന്നുപോകാൻ കഴിയൂ.
പാലം മാത്രം 578 മീറ്റർ നീളവും 16 സ്പാനുകളുമാണ് ഉണ്ടാവുക. പുതിയ ഡിസൈൻ പ്രകാരം സ്പാനുകളുടെ എണ്ണം 16 ൽനിന്ന് 20 ആകും. അധികരിച്ച സ്പാനുകളും അപ്രോച്ച് റോഡ് അടക്കം ഒരു കിലോമീറ്ററോളം നീളമുണ്ടാകും. ഇതോടെ കാട്ടാമ്പള്ളി ഭാഗത്ത് ഒരു അടിപ്പാത ഒഴിവാക്കാനാകുമെന്നാണ് ദേശീയപാത വിഭാഗം അധികൃതരിൽനിന്ന് ലഭിക്കുന്ന വിവരം.
ഇത്തരം മാറ്റങ്ങൾ ഉൾക്കൊള്ളിച്ച് പുതുക്കിയ കരടുപദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ മാത്രമേ പ്രവൃത്തി തുടങ്ങാനാവൂ. പാലം പ്രവൃത്തിക്കായി നൂറു മീറ്ററില്‍ അധികം സ്ഥലത്ത് പുഴയില്‍ മണ്ണിട്ട് നികത്തിയിട്ടുണ്ട്. പ്രവൃത്തി നീളുന്നതിനാൽ നാട്ടുകാരിലും ആശങ്കയാണ്. തുരുത്തിയിൽനിന്ന് വളപട്ടണം പുഴയിൽ നിർമിക്കുന്ന ഏറ്റവും വലിയ പാലം കാട്ടാമ്പള്ളിയിലാണ് എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.