പാപ്പിനിശ്ശേരി: വേളാപുരത്ത് അടിപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തമാക്കി ആക്ഷൻ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ദേശീയപാതയുടെ ഇരുവശത്തുമായി ആയിരക്കണക്കിനാളുകൾ തിങ്ങിപ്പാർക്കുന്നുണ്ട്. പ്രതിഷേധക്കാർ നാട്ടുകാരുടെ ഒപ്പ് ശേഖരിച്ച് ഭീമ ഹരജി തയാറാക്കി അധികൃതർക്ക് നൽകാനുള്ള ഒരുക്കത്തിലാണ്. അനുകൂല നടപടികൾ ദേശീയപാത അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെങ്കിൽ പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന് ഭാരവാഹികൾ പറയുന്നു.
അരോളി, മാങ്കടവ്, ധർമശാല വഴി പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലേക്ക് എത്തിച്ചേരാൻ കഴിയുന്ന പ്രധാന റോഡും ഈ ജങ്ഷൻ വഴിയാണ് കടന്നുപോകുന്നത്. വേളാപുരം-മാങ്കടവ് വഴി പറശ്ശിനിക്കടവിലേക്കുള്ള റോഡ് അടക്കാതെ തന്നെ അടിപ്പാത അനുവദിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ 15ഓളം ബസുകൾ റോഡിലൂടെ സർവിസ് നടത്തുന്നു. അരോളി, കാട്യം മാങ്കടവ്, കല്ലൂരി എന്നിവിടങ്ങളിലെ യാത്രക്കാർക്ക് കണ്ണൂരിലേക്കും പറശ്ശിനിക്കടവിലേക്കും പോകാനുള്ള ആശ്രയവും ഈ റോഡാണ്. ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്കും പ്രൈമറി വിദ്യാലയങ്ങളിലേക്കും ഇതുവഴിയാണ് പോകേണ്ടത്. പാപ്പിനിശ്ശേരി വില്ലേജ് ഓഫിസിൽ എത്തിച്ചേരുന്നതിനും ഈ റോഡാണ് ഉപയോഗിക്കുന്നത്.
ദേശീയപാത പ്രവൃത്തി പൂർത്തിയാകുന്നതോടെ രണ്ട് റോഡുകളും അടക്കപ്പെടും. അടിപ്പാത അനുവദിക്കാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുശീല, വൈസ് പ്രസിഡന്റ് കെ. പ്രദീപ് കുമാർ, ആക്ഷൻ കമ്മിറ്റി കൺവീനർ എം.സി. ബാലകൃഷ്ണൻ, ഒ.കെ. മൊയ്തീൻ, ജാഫര്‍ മങ്കടവ് എന്നിവർ സംബന്ധിച്ചൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.