പയ്യന്നൂർ: സംസ്ഥാനത്ത് ആവശ്യമുള്ള വൈദ്യുതിയുടെ 35 ശതമാനം മാത്രമാണ് ആഭ്യന്തര ഉൽപാദനമെന്നും ബാക്കി 65 ശതമാനവും പുറമെനിന്ന് വാങ്ങേണ്ട സ്ഥിതിയാണെന്നും വൈദ്യുതി മന്ത്രി എം.എം.മണി. പ്രതിമാസം 8500 കോടിയാണ് ഇതിനുള്ള ചെലവ്. ജലവൈദ്യുതി പദ്ധതികളുടെ കാലം കഴിഞ്ഞു.സംസ്ഥാനത്ത് താപനിലയവും പ്രായോഗികമല്ല. അതുകൊണ്ട് 1000 മെഗാവാട്ട് വൈദ്യുതി സൗരോർജത്തിൽനിന്ന് ഉൽപാദിപ്പിക്കുന്ന പദ്ധതിക്ക് സർക്കാർ രൂപം നൽകിയതായി മന്ത്രി മണി പറഞ്ഞു.
പയ്യന്നൂർ ഇലക്ട്രിക്കൽ ഡിവിഷനുവേണ്ടി പുതുതായി നിർമിച്ച കെട്ടിടം പെരുമ്പ കോറോം റോഡിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമ്പൂർണ വൈദ്യുതീകരണം യാഥാർഥ്യമാക്കും, ലോഡ് ഷെഡിങ്, പവർ കട്ട് എന്നിവ ഒഴിവാക്കും എന്നീ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പൂർത്തിയാക്കിയതായും ഒരു കോടി എൽ.ഇ.ഡി ബൾബ് വീടുകളിൽ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു. കോറോം റോഡിൽ അമ്പലത്തറയിലുള്ള 33 കെ.വി.സബ്സ്റ്റേഷൻ കോമ്പൗണ്ടിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
1085 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള പയ്യന്നൂർ ഡിവിഷന് കീഴിൽ അഞ്ച് സബ്ഡിവിഷനുകളും 17 സെക്ഷൻ ഓഫിസുകളിലുമായി 2,80,000 ഉപഭോക്താക്കളും 544 ജീവനക്കാരുമുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ ഡിവിഷനുകളിലൊന്നായ പയ്യന്നൂർ, 1987 ജൂലൈ 13ന് അന്നത്തെ വൈദ്യുതി മന്ത്രി ടി. ശിവദാസമേനോനാണ് ഉദ്ഘാടനം ചെയ്തത്. ഇതുവരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന ഓഫിസ് സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നത് മേഖലയിലെ വൈദ്യുതി രംഗത്തിന് ഗുണകരമാകുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. 70 ലക്ഷം രൂപയാണ് കെട്ടിട നിർമാണത്തിന് ചെലവഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.