പയ്യന്നൂർ: ദേശീയപാത നിർമാണം പൂർത്തിയാവുന്നതോടെ രണ്ടായി പിരിഞ്ഞ് പിലാത്തറ ടൗൺ. ദേശീയപാത കടന്നുപോകുന്ന ജില്ലയിലെ ഏക ടൗണിനാണ് ഈ ദുര്യോഗം. നാലു റോഡുകൾ കൂടിച്ചേരുന്ന നഗരമധ്യത്തിൽ അടിപ്പാത വന്നതോടെയാണ് ആയിരക്കണക്കിന് വാഹനങ്ങൾ എത്തിച്ചേരുന്നതും പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതുമായ ടൗണിന്റെ മുഖം വികൃതമായത്.
കാൽനടയാത്രയും ദുസ്സഹമാവും
പാലം തൂണുകളിലാക്കി അടിഭാഗം ഒഴിവാക്കണമെന്ന ആവശ്യം അവഗണിച്ച് അടിപ്പാതയിൽ ഒതുക്കിയതാണ് ടൗണിന്റെ തലവര മാറ്റിയത്. അടിപ്പാത സ്ഥലം മാത്രം ഒഴിവാക്കി ബാക്കി ഭാഗം മണ്ണിട്ടുയർത്തി മതിൽ തീർത്തതാണ് ദുരിതമായത്. സർവിസ് റോഡ് ഇരുഭാഗത്തും താഴെ കൂടി പോയതോടെ കാൽ നടയാത്രക്കാർക്ക് മുറിച്ചുകടക്കുകയും പ്രയാസം.
നഷ്ടമാകുന്നത് ബസ് സ്റ്റാൻഡും
പിലാത്തറ ബസ് സ്റ്റാൻഡ് ഒരു ഭാഗം പൂർണമായും ഏറ്റെടുത്താണ് പാത കടന്നുപോകുന്നത്. ഇവിടെയുള്ള ഷോപ്പിങ് കോംപ്ലക്സുകൾ പൊളിച്ചുനീക്കി. ബസ് സ്റ്റാൻഡ് ചുരുങ്ങിയതോടെ നഗരം കൂടുതൽ ഇടുങ്ങി. മുമ്പ് ദേശീയ പാതയോരത്തായിരുന്നു വാഹനങ്ങൾ പാർക്കു ചെയ്തിരുന്നത്. പാത ഉയർന്നതോടെ ഈ പാർക്കിങ് സൗകര്യം ഇല്ലാതായി. ഇതിനെല്ലാം പുറമെയാണ് തെക്കും വടക്കുമായി വിഭജിച്ചുള്ള വൻമതിൽ കൂടി ഉയർന്നത്.
തൂണിൽ പാലം ഉയർന്നിരുന്നുവെങ്കിൽ ഇരു ഭാഗങ്ങളിലും മറയുണ്ടാവില്ല. ആളുകൾക്ക് നടന്നുപോകാൻ പ്രയാസമില്ല. രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാമെന്നതിനു പുറമെ അടിഭാഗം പാർക്കിങ്ങിന് ഉപയോഗപ്പെടുത്തുകയും ചെയ്യാമെന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു.
മെലിയുന്നത് മലയോരങ്ങളുടെ പ്രവേശന കവാടം
മലയോരങ്ങളിൽ നിന്നുൾപ്പെടെ ദേശീയ പാതയിൽ എത്താൻ ഉപയോഗിക്കുന്ന ടൗണാണ് പിലാത്തറ. ചെറുപുഴ, പെരിങ്ങോം, പാടിയോട്ടുചാൽ, കക്കറ, മാതമംഗലം തുടങ്ങിയ മലയോര പ്രദേശങ്ങളിൽ നിന്നും പഴയങ്ങാടി, തളിപ്പറമ്പ്, പയ്യന്നൂർ ഭാഗങ്ങളിൽനിന്ന് എത്തുന്ന ദേശീയ പാതയിലെ ഏക ടൗണിനാണ് ഈ ദുര്യോഗം. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ആതുരാലയങ്ങൾ എന്നിവയുടെ സംഗമ ഭൂമികൂടിയാണ് ചെറുതാഴം ഗ്രാമ പഞ്ചായത്തിന്റെ ഈ കേന്ദ്രം.
തുടക്കം കല്ലുകൊത്തു വ്യവസായത്തിലൂടെ; വളർന്നത് ദ്രുതഗതിയിൽ
കല്ലുകൊത്ത് വ്യവസായത്തിലൂടെ വികസനത്തിലേക്ക് പിച്ചവെക്കുകയും ആധുനിക കാലത്ത് വികസനത്തിന്റെ പാരമ്യത്തിലെത്തുകയും ചെയ്ത ടൗണാണ് പിലാത്തറ. ദ്രുതഗതിയിൽ വളർന്ന ഈ ടൗണാണ് പാത വികസനത്തിന്റെ ഇരയായി പിറകോട്ട് സഞ്ചരിക്കുന്നത്. കണ്ണൂർ ഗവ. മെഡിക്കൽ കോളജ്, ഗവ. ആയുർവേദ കോളജ് തുടങ്ങിയ സ്ഥാപനങ്ങളുടെ അടുത്ത സ്ഥലം എന്ന പ്രാധാധ്യവും പിലാത്തറക്ക് സ്വന്തമാണ്.
പാത തൊടുന്ന ഏക നഗരം
തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ ടൗണുകൾ തൊടാതെയാണ് ദേശീയപാത കടന്നുപോകുന്നത്. പിലാത്തറ കഴിഞ്ഞാൽ കരിവെള്ളൂർ മാത്രമാണ് പാത തൊടുന്ന മറ്റൊരു ടൗൺ. എന്നാൽ കരിവെള്ളൂർ ടൗൺ പിലത്താറയോളം വളർന്നിരുന്നില്ല. ബസ് സ്റ്റാൻഡുമില്ല. അതു കൊണ്ട് തന്നെ പാത കടന്നു പോകുന്ന വലിയ ടൗൺ എന്ന നിലയിൽ നേരത്തെ ആസൂത്രണം ചെയ്തിരുന്നുവെങ്കിൽ നഗരത്തെ ഒരു പരിധിവരെ രക്ഷിക്കാമായിരുന്നു എന്ന അഭിപ്രായം ശക്തമാണ്. തൂണിൽ മേൽപ്പാലം വന്നിരുന്നുവെങ്കിൽ നഗരത്തിന്റെ മുഖം മാറുമായിരുന്നുവെന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.