പയ്യന്നൂർ: എസ്.എസ്.എൽ.സി പരീക്ഷയിലെ ഒമ്പത് എ പ്ലസും ഒരു എയും നേടിയ അനുദർശ് പരിമിതികളെ വെല്ലുവിളിച്ചാണ് തന്റെ വിജയത്തിന്റെ പടികൾ കയറുന്നത്. സെറിബ്രൽ പാൾസി രോഗബാ ധിതനായ അനുദർശ് ഇലക്ട്രിക് വീൽചെയറിൽ ഇരുന്നാണ് പഠനത്തിൽ വിജയമന്ത്രം നേടിയത്.
തിളക്കമാർന്ന വിജയം നേടിയ അനുദർശിന് അഭിനന്ദനങ്ങളുമായി നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത കോറോത്തെ വീട്ടിലെത്തി. ഇംഗ്ലീഷിൽ മാത്രം എ ലഭിച്ച അനുദർശ് പുനർമൂല്യനിർണയത്തിന് നൽകാനൊരുങ്ങുകയാണ്. കോറോം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ അനുദർശ് സ്ക്രൈബിന്റെ സഹായത്തോടെയാണ് പരീക്ഷ എഴുതിയത്. നേരത്തെ അമ്മ കെ.കെ. ദീപയാണ് മകനെ സ്കൂളിലെത്തിച്ചിരുന്നത്. രണ്ടുവർഷം മുമ്പ് നഗരസഭയുടെ ഇലക്ട്രിക് വീൽചെയർ ലഭിച്ചതോടെ യാത്ര ഇതിലായി. നോട്ടുകൾ എഴുതാനും പഠിക്കാനുമെല്ലാം അമ്മയാണ് സഹായി.
കവിതയും ചിത്രം വരയും അനുദർശിന് ഏറെ ഇഷ്ടമാണ്. മൊബൈൽ ആപ്പിന്റെ സഹായത്താലാണ് ചിത്രം വരക്കുന്നത്. വ്യക്തമല്ലാത്ത ശബ്ദത്തിൽ സംസാരിച്ചും കവിതകൾ പാടിയും അനുദർശ് കൂട്ടുകാർക്കും പ്രിയപ്പെട്ടവനാണ്. നാലാം ക്ലാസുമുതൽ എഴുതുന്ന കവിതകളിൽ 15 എണ്ണം ചേർത്ത് പുസ്തകരൂപത്തിലാക്കാനുള്ള ശ്രമത്തിലാണ് ദീപ. സയൻസ് വിഷയമെടുത്ത് ശാസ്ത്രജ്ഞനാകണമെന്നാണ് അനുദർശിന്റെ ആഗ്രഹം. പയ്യന്നൂർ ടൗണിലെ ഓട്ടോഡ്രൈവറായ എൻ.വി. ജനാർദനനാണ് അച്ഛൻ. ആദർശ് സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.