പയ്യന്നൂർ: കേരള സർക്കാർ നടപ്പാക്കുന്ന തിരുവനന്തപുരം -കാസർകോട് അതിവേഗ റെയിൽവേ ഇടനാഴി പദ്ധതി സംബന്ധിച്ച സാമൂഹിക ആഘാതപഠനത്തിനുള്ള ചോദ്യവലിയിൽ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ സമുദായം സംബന്ധിച്ചും ചോദ്യം. 17 പേജുകളുള്ള ചോദ്യാവലി പത്രികയിൽ ഭൂമിയും താമസക്കാരും ഏറ്റെടുക്കുന്ന വസ്തു സംബന്ധിച്ചുമുള്ള വിവരങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എ ഒന്ന് ഖണ്ഡികയിൽ എട്ടാമതായാണ് സമുദായം ചോദിക്കുന്നത്. സാംസ്കാരികം, രാഷ്ട്രീയം, സർക്കാർ തുടങ്ങിയ ചോദ്യങ്ങൾക്കൊപ്പമാണ് സമുദായവും ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഏറ്റെടുക്കുന്ന സ്ഥലം സംബന്ധിച്ച പാരിസ്ഥിതിക പ്രാധാന്യം പൂർണമായും അവഗണിച്ചതായി പരാതിയുണ്ട്.
സാമൂഹിക ആഘാത പഠനത്തിന് പയ്യന്നൂർ വില്ലേജിൽ കണ്ടങ്കാളിയിലാണ് പഠനത്തിന് തുടക്കമായത്. പൂർണമായും പൊളിച്ചുനീക്കേണ്ടി വരുന്ന വീടുകളിലാണ് ആദ്യം സർവേ നടത്തിയത്. കോട്ടയം ആസ്ഥാനമായുള്ള കേരള വളന്റിയര്‍ ഹെല്‍ത്ത് സർവിസസാണ് കെ-റെയിലിനായുള്ള സാമൂഹിക ആഘാത പഠനത്തിനായി പയ്യന്നൂരിലെത്തിയത്. പദ്ധതി വരുമ്പോള്‍ ഭൂമി നഷ്ടപ്പെടുന്ന കുടുംബങ്ങളെ നേരില്‍ കാണുകയും വിവരങ്ങൾ ചോദിച്ചറിയുകയും അവരുന്നയിക്കുന്ന പ്രശ്നങ്ങള്‍ കേള്‍ക്കുകയാണ് ആദ്യ ഘട്ടത്തിലെ പ്രവര്‍ത്തനമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
പയ്യന്നൂർ നഗരസഭയിലെ 22ാം വാർഡിലാണ് രാവിലെ കോഓഡിനേറ്റർ സജി ഇട്ടിയുടെ നേതൃത്വത്തിലുള്ള 25 വളന്റിയർമാർ ഫീൽഡ് സർവേക്കായി എത്തിയത്. 17 പേജുള്ള ചോദ്യാവലിയാണ് സർവേയിലുള്ളത്.
കണ്ണൂര്‍ ജില്ലയില്‍ മാത്രം കെ-റെയില്‍ കടന്നുപോകുന്ന 61.7 കി.മീ. ദൂരത്ത് 23 വില്ലേജുകളിലായി 108 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. വീടുകളില്‍ സർവേ നടത്തിയും ജനപ്രതിനിധികളെ കണ്ട് വിവരങ്ങൾ ശേഖരിച്ചും റിപ്പോര്‍ട്ട് 100 ദിവസത്തിനകം സമര്‍പ്പിക്കാനാണ് ഏജന്‍സിക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിർദേശം.
പ്രാഥമിക പഠനത്തിൽ പൂർണമായും പൊളിച്ചുമാറ്റുന്ന വീടുകളും സ്ഥാപനങ്ങളുമാണ് പരിശോധിച്ചതെങ്കിലും ചോദ്യാവലിയിൽ ഇതുമാത്രം ഒതുക്കിയിട്ടില്ല. ഭൂമിപൂർണമായും നഷ്ടപ്പെടുന്നുണ്ടോ, ഭാഗികമാണോ എന്ന ചോദ്യം ഉൾപ്പെടുത്തിയത് ഇതിനുദാഹരണം. 100 ശതമാനം, 20, 30, 60 ശതമാനം തുടങ്ങിയ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉടമസ്ഥതയുടെ സ്വഭാവം, കൈവശക്കാരാണോ, കൈയ്യേറ്റക്കാരാണോ, വാടകക്കാരാണോ തുടങ്ങിയ ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വസ്തുവിന്റെ സവിശേഷത, നേരിട്ട് ഉണ്ടാകുന്ന പ്രത്യാഘാതം, കെട്ടിടത്തിന്റെ സ്വഭാവം, ജലസേചന സൗകര്യം, വെള്ളത്തിന്റെ സ്രോതസ്സ്, കൃഷി, റോഡ് സൗകര്യം തുടങ്ങിയവയും രേഖപ്പെടുത്താനുണ്ട്.
തൊഴിൽ പ്രശ്നം, പുനരധിവാസ നിർദേശം തുടങ്ങിയ ചോദ്യങ്ങൾക്കു പിന്നാലെ മുമ്പ് കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ടോ എങ്കിൽ ഉണ്ടായ നേട്ടം, പ്രശ്നം എന്നീ ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം സ്വകാര്യ ഏജൻസിയെക്കൊണ്ട് കുടിയൊഴിപ്പിക്കലിന് അനുകൂല നിലപാടെടുക്കാൻ പ്രേരിപ്പിക്കുന്നതാണ് പഠനമെന്ന് പദ്ധതിയെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. പത്തോളം വീടുകളാണ് 22ാം വാർഡിൽ ഒഴിപ്പിക്കേണ്ടത്. ഇതിൽ ആരും എതിർത്തില്ലെന്നാണ് വിവരം. എന്നാൽ തങ്ങളുടെ കൈവശമുള്ള എല്ലാ സ്ഥലവും ഏറ്റെടുക്കണമെന്ന ആവശ്യത്തിൽ എല്ലാവരും ഏകാഭിപ്രായക്കാരായിരുന്നു. പയ്യന്നൂരിൽ ഭരണകക്ഷി പ്രാദേശിക നേതാക്കൾ എത്തിയെങ്കിലും കെ-റെയിൽ പ്രതിരോധ സമിതിയുടെ ഏതാനും പേർ മാത്രമാണ് സംഘത്തെ കാണാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.