പയ്യന്നൂർ: പരിയാരത്തെ കണ്ണൂർ ഗവ. ആയുർവേദ കോളജിൽ ലേഡീസ് ഹോസ്റ്റൽ യാഥാർഥ്യമായി. ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി വീണ ജോർജ് നിർവഹിക്കും.
സർക്കാർ പദ്ധതി വിഹിതത്തിൽനിന്ന് 6.62 കോടി ചെലവിൽ നിർമിക്കുന്ന മൂന്ന് നിലകളുള്ള ഹോസ്റ്റലിന്റെ താഴത്തെ നിലയുടെ പണിയാണ് പൂർത്തിയായത്. താഴത്തെ നിലയുടെ ഉദ്ഘാടനത്തോടൊപ്പം ഒന്നാംനിലയുടെ നിർമാണോദ്ഘാടനവും നടക്കും. കണ്ണൂർ ഗവ. ആയുർവേദ കോളജിൽ വിവിധ കോഴ്സുകളിൽ പഠനം നടത്തുന്ന 450 പേരിൽ 360 പേരും പെൺകുട്ടികളാണ്.
നിലവിലെ ലേഡീസ് ഹോസ്റ്റലിൽ 200ലധികം പെൺകുട്ടികൾ താമസിക്കുന്നുണ്ട്. ഉദ്ഘാടനം ചെയ്യുന്ന താഴത്തെ നിലയിൽ 16 മുറികളിലായി 50ലധികം വിദ്യാർഥിനികളുടെ താമസത്തിന് സൗകര്യമുണ്ടാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മൂന്നുനിലയുള്ള പുതിയ വനിത ഹോസ്റ്റൽ പ്രവൃത്തി പൂർത്തിയാവുമ്പോൾ മുഴുവൻ ബി.എ.എം.എസ് വിദ്യാർഥിനികൾക്കും താമസിക്കാൻ സാധിക്കും. എം. വിജിൻ എം.എൽ.എയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി, മുൻ എം.എൽ.എ ടി.വി. രാജേഷ് തുടങ്ങിയവർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.