പയ്യന്നൂർ: വടക്കൻ കേരളത്തിലെ ഏറ്റവും വലിയ ജലസമൃദ്ധിയായ കവ്വായിക്കായലിന്റെ കൈവഴിയായ കവ്വായിപ്പുഴയിലെ ജലം കുളിക്കാൻ പോലും യോഗ്യമല്ലാത്തതെന്ന് ജില്ല ലെവൽ ടെക്നിക്കൽ കമ്മിറ്റിയുടെ (ഡി.എൽ.ടി.സി) വിലയിരുത്തൽ. ബയോളജിക്കൽ ഓക്സിജൻ പരിധിയിലും കവിഞ്ഞതാണ് പ്രശ്നത്തിന് കാരണം.
ടെക്നിക്കൽ കമ്മിറ്റി യോഗത്തിൽ കലക്ടർ നിർദേശിച്ച പ്രകാരം എൻവയൺമെന്റ് എൻജിനീയറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്, വെള്ളം കുളിക്കാൻപോലും പറ്റാത്തതാണെന്ന് കണ്ടെത്തിയത്. പയ്യന്നൂർ നഗരസഭയിലെ തട്ടാർകടവ് പാലത്തിനടുത്തുനിന്നും ശേഖരിച്ച ജലത്തിലാണ് അനുവദനീയമായതിലുമധികം ബയോളജിക്കൽ ഓക്സിജന്റെ അളവ് കണ്ടെത്തിയത്.
ഇതേത്തുടർന്ന് കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് (കെ.എസ്.പി.സി.ബി), വെള്ളം കുളിക്കാൻ അനുയോജ്യമായ നിലവാരത്തിൽ എത്തിക്കുന്നതിന് കവ്വായിപ്പുഴ പുനരുദ്ധരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വിഷയം കഴിഞ്ഞ സെപ്റ്റംബർ 17ന് നടന്ന ആരോഗ്യ സ്ഥിരം സമിതി യോഗം ചർച്ച ചെയ്തെങ്കിലും തുടർ നടപടി നീളുന്നുവെന്നാണ് ആക്ഷേപം. പുഴ പുനരുദ്ധാരണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ ജലനടത്തം, ജലസമിതി രൂപവത്കരണം, പുഴയുടെ കൈവഴിത്തോടുകളായ കൊറ്റി വാടിപ്പുറം തോട്, നാരങ്ങാത്തോട്, മുട്ടത്തുകടവ് തോട് ഇവയുടെ ശുചീകരണ പ്രവൃത്തി, ജലശുദ്ധീകരണം എന്നിവ ഉറപ്പുവരുത്താൻ നഗരസഭ കൗൺസിലിനോട് നിർദേശിച്ചിരുന്നു.
നഗരമാലിന്യങ്ങൾ പേറുന്ന നാരങ്ങാത്തോട്ടിലെ മലിനജലമാണ് കവ്വായിക്കായലിനെ വൃത്തിഹീനമാക്കുന്നതെന്ന ആക്ഷേപവും പതിറ്റാണ്ടുകളായി നാട്ടുകാർ ആരോപിക്കുന്നുണ്ട്. ഇതേത്തുടർന്ന് രണ്ട് പതിറ്റാണ്ടു മുമ്പേ തോടുശുചീകരണ പദ്ധതികൾക്ക് നഗരസഭ തുടക്കം കുറിച്ചുവെങ്കിലും പ്രവൃത്തികൾ ആരംഭശൂരത്വത്തിലൊതുങ്ങി. എല്ലാ വർഷവും ബജറ്റിൽ തുക വകയിരുത്താറുണ്ടെങ്കിലും പദ്ധതി മാത്രം ഉണ്ടായില്ലെന്നാണ് ആക്ഷേപം.
ഇപ്പോൾ ബജറ്റ് നിർദേശവും നിലച്ചതായി നാട്ടുകാർ പറയുന്നു. പദ്ധതിയില്ലാതെ ഈ മലിനജല തോട് ശുദ്ധീകരിക്കാൻ നാട്ടുകാർ വിചാരിച്ചാൽ സാധ്യമല്ലെന്ന് നാട്ടുകാർ പറയുന്നു. കേരളത്തിൽ അഷ്ടമുടിക്കായൽ, വേമ്പനാട്ടു കായൽ, ശാസ്താംകോട്ട കായൽ എന്നിവ കഴിഞ്ഞാൽ ജലസമൃദ്ധിയിലും പരിസ്ഥിതി പ്രാധാന്യത്തിലും ഒന്നാം സ്ഥാനം അലങ്കരിക്കുന്ന കായലാണ് കവ്വായിക്കായൽ.
കായലിന്റെ പ്രധാന കൈവഴിയായ കവ്വായിപ്പുഴയാണ് കുളിക്കാൻ പോലും സാധിക്കാത്ത നിലയിൽ മലിനപ്പെട്ടത്. ഇതര ജലജീവി സമ്പത്തുള്ള കായലിനെ നശിക്കാനനുവദിക്കരുതെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.