പയ്യന്നൂർ: പരിയാരം അതിയടത്തെ കെട്ടിട കരാറുകാരൻ പി.വി. സുരേഷ് ബാബുവിനെ(55) വെട്ടിയ സംഭവത്തിലെ പ്രതിയും കേരള ബാങ്ക് ഉദ്യോഗസ്ഥയുമായ എന്‍. വി. സീമയെ(52) പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി ജില്ല ജഡ്ജി തള്ളിയതോടെയാണ് അറസ്റ്റ്. കോടതി വിധി വന്ന ഉടൻ അറസ്റ്റ് ചെയ്യുകയായിരുന്നു .
കേരള ബാങ്കിെൻറ കണ്ണൂര്‍ ശാഖയിലെ ഉദ്യോഗസ്ഥയായ സീമ മൂന്നു ലക്ഷം രൂപക്കാണ് ബന്ധുവും ഭര്‍ത്താവിെൻറ സുഹൃത്തുമായ അതിയടത്തെ സുരേഷ്ബാബുവിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്. രാവിലെ അറസ്റ്റ് ചെയ്ത് പരിയാരം സ്റ്റേഷനിലെത്തിച്ച സീമയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കുറ്റങ്ങളെല്ലാം സീമ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കടം വാങ്ങിയ പണം തിരികെ തരാതിരുന്നതും 10 ലക്ഷം രൂപയുടെ സ്ഥലം വിറ്റവകയില്‍ തരാമെന്ന് പറഞ്ഞ കമീഷന് നൽകാതിരുന്നതും സീമയുടെ മകന് ബൈക്കപകടം സംഭവിക്കാന്‍ കാരണക്കാരനായത് സുരേഷ്ബാബുവാണെന്നതുമാണ് ഇയാളോട് വൈരാഗ്യം വരാന്‍ കാരണമായതെന്ന് സീമ പറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ 18നാണ് സുരേഷ് ബാബുവിനെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘം ശ്രമിച്ചത്. മൂന്നുലക്ഷം രൂപക്ക് ക്വട്ടേഷന്‍ നല്കിയ സംഭവത്തില്‍ അഞ്ചു പേരെ പരിയാരം പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നെരുവമ്പ്രത്തെ ജിഷ്ണു, അഭിലാഷ്, പരിയാരത്തെ രതീശന്, നീലേശ്വരത്തെ കൃഷ്ണദാസ്, സുധീഷ് എന്നിവരാണ് അറസ്റ്റിലായത്. നീലേശ്വരം സ്വദേശികളായ അഖില്‍, ബാബു എന്നിവരെ പിടികിട്ടാനുണ്ട്.
പരിയാരം മെഡിക്കല്‍ കോളജിന് സമീപത്ത് ചെറുതാഴം ബാങ്കിെൻറ നീതി മെഡിക്കല്‍ സ്റ്റോറില്‍ ജോലിചെയ്യുന്ന അവസരത്തില്‍ പരിചയപ്പെട്ട പാലയാട്ടെ രതീശനാണ് മുന്‍പരിചയം വെച്ച് സീമയുടെ ക്വട്ടേഷന്‍ ഏറ്റെടുത്തത്. 10,000 രൂപ മുൻകൂർ നല്‍കുകയും പിന്നീട് ഒരു ലക്ഷം രൂപ വളപട്ടണം കളരിവാതുക്കല്‍ ക്ഷേത്രത്തിന് സമീപം വെച്ചും ബാക്കി തുക തവണകളായി നല്‍കിയെന്നുമാണ് സീമ പൊലീസിനോടു പറഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവുമായും രണ്ടു മക്കളുമായും അകന്ന് ഇവർ കണ്ണൂര്‍ പടന്നപ്പാലത്ത് അപ്പാർട്മെന്റിൽ ഒറ്റക്കാണ് താമസം.
സീമക്കെതിരെ നടപടിയുണ്ടാവും
പയ്യന്നൂർ: കരാറുകാരനെ വെട്ടാൻ ക്വട്ടേഷൻ നൽകിയ കേരള ബാങ്ക് ജീവനക്കാരി എൻ.വി. സീമക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് കേരള ബാങ്ക് ഡയറക്ടർ കെ.ജി. വത്സലകുമാരി പറഞ്ഞു. ബാങ്കിെൻറ യശസ്സിന് നിരക്കുന്നതല്ല ജീവനക്കാരി ചെയ്തത്. നേരത്തേ ചെറുതാഴത്തെ ബാങ്കിൽ ജോലി ചെയ്ത അവസരത്തിലും ഇടപാടുകാരുടെ ഇടയിൽനിന്ന് ഇവരെക്കുറിച്ച് നിരവധി പരാതികൾ ഉണ്ടായിട്ടുണ്ട്. നിയമനടപടികൾക്കനുസരിച്ച് തുടരന്വേഷണമുണ്ടാവുമെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.