പയ്യന്നൂർ: ഗവ. ആയുർവേദ കോളജിന് ആവശ്യമായ കെട്ടിടങ്ങളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളുമൊരുക്കുന്നതിന് സ്ഥലപരിമിതി തടസ്സമാവുന്നു. നിലവിൽ കോളജിൽ അത്യാവശ്യമായ ലേഡീസ് ഹോസ്റ്റൽ നിർമാണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായി തുറന്നുകൊടുത്തു. കോളജ് അക്കാദമിക് ബ്ലോക്കിന്റെ പടിഞ്ഞാറു ഭാഗത്തെ ഔഷധസസ്യങ്ങളും തണൽ മരങ്ങളും മുറിച്ചുമാറ്റിയാണ് ഇവിടെ ഹോസ്റ്റൽ നിർമിച്ചത്. ലേഡീസ് ഹോസ്റ്റലിന് പുറമെ അക്കാദമിക് ബ്ലോക്ക്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് തുടങ്ങിയവക്കും കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി കെട്ടിടം നിർമിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, സ്ഥലമില്ലാത്തത് നിർമാണത്തിന് തടസ്സമാവുകയാണ്.
പരിയാരം ടി.ബി സാനട്ടോറിയം വക പരിയാരം മെഡിക്കൽ കോളജിന് നൽകിയ 160 ഏക്കറിനോട് തൊട്ട് 35 ഏക്കർ ഭൂമിയാണ് അന്ന് ആയുർവേദ കോളജിന് അനുവിച്ചത്. നിലവിൽ അര ഡസനിലധികം വലിയ കെട്ടിടങ്ങൾ, കളിസ്ഥലം, റോഡുകൾ, നിരവധി ക്വാർട്ടേഴ്സുകൾ തുടങ്ങിയവ നിർമിച്ചതിലൂടെ ഈ സ്ഥലത്തിന്റെ ഭൂരിഭാഗവും ഉപയോഗപ്പെടുത്തി. ബാക്കി വിവിധ കേന്ദ്ര, സംസ്ഥാന സർക്കാർ പദ്ധതികൾ പ്രകാരം ഔഷധ സസ്യങ്ങളും വെച്ചുപിടിപ്പിച്ചു. ഈ സസ്യങ്ങളാണ് വികസനത്തിന് വേണ്ടി മുറിക്കേണ്ടി വരുന്നത്.
അതേസമയം, ആയുർവേദ കോളജിന്റെയും ഗവ. മെഡിക്കൽ കോളജിന്റെയും അതിർത്തിയിൽ കാടുപിടിച്ചുകിടക്കുന്ന സ്ഥലത്തുനിന്ന് 25 ഏക്കർ സ്ഥലം കൂടി ആയുർവേദ കോളജിന് അനുവദിക്കണമെന്ന ആവശ്യം ശക്തമായി. സ്ഥലം ലഭിക്കുന്ന പക്ഷം അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകൾ ഈ സ്ഥലത്ത് നിർമിക്കാവുന്നതാണ്. ഇതിനു പുറമെ പി.ജി വിദ്യാർഥികളുടെ ആൺ, പെൺ ഹോസ്റ്റലുകൾ, സർവകലാശാല റീജനൽ സെന്റർ തുടങ്ങിയവ ഇവിടെ നിർമിക്കാവുന്നതാണ്. രണ്ടു സ്ഥാപനങ്ങളും ആരോഗ്യ വകുപ്പിന്റെ കീഴിലായതോടെ ഇക്കാര്യത്തിൽ അനുകൂല തീരുമാനമെടുക്കുന്നതിൽ സാങ്കേതിക തടസ്സമുണ്ടാവില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ചുരുങ്ങിയത് 100 ഏക്കർ സ്ഥലമെങ്കിലും സ്ഥാപനത്തിന് വേണമെന്നും വേണ്ടിവന്നാൽ സ്വകാര്യ സ്ഥലങ്ങൾ ഏറ്റെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.പുതുതായി പി.ജി അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. മാത്രമല്ല മാനസിക രോഗ ചികിത്സാകേന്ദ്രവും ലക്ഷ്യമിടുന്നു. ഇവയെല്ലാം വരുന്നതിന് സ്ഥലപരിമിതി തടസ്സമാണ്. നിലവിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജും ആയുർവേദ കോളജും ആരോഗ്യ വകുപ്പിന് കീഴിലായതിനാൽ സ്ഥലം കൈമാറുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുണ്ടാവില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.