പയ്യന്നൂർ: ദേശീയപാത നവീകരണത്തിന്റെ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ജലക്ഷാമം രൂക്ഷമായി. പിലാത്തറ മുതൽ പരിയാരം വരെയുള്ള റോഡരികിലെ കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കുന്നതാണ് കോളജിലെ കുടിവെള്ളം മുട്ടാൻ കാരണമായത്.
ഞായറാഴ്ചയാണ് ദേശീയപാതയോരത്തുള്ള മെഡിക്കല്‍ കോളജിലേക്കുള്ള കുടിവെള്ള പൈപ്പ്ലൈന് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ചന്തപ്പുരയിലെ പമ്പ്ഹൗസില്‍ നിന്നുള്ള പമ്പിങ് താൽക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. തിങ്കളാഴ്ച രാവിലെ പമ്പിങ് പുനരാരംഭിച്ചതോടെ മാറ്റിസ്ഥാപിച്ച പൈപ്പ്ലൈനില്‍ നിന്നും ചോർച്ച വ്യാപകമായി.
ഇതോടെ വീണ്ടും പമ്പിങ് നിര്‍ത്തി. ഇതു കാരണം മെഡിക്കല്‍ കോളജില്‍ വീണ്ടും ജലക്ഷാമം രൂക്ഷമായി. ഡയാലിസിസ് സെന്ററിലേക്കും മറ്റ് അത്യാവശ്യ വിഭാഗത്തിലേക്കും വാട്ടര്‍ അതോറിറ്റിയും ദേശീയപാത കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍സ് ടാങ്കറിലും വെള്ളമെത്തിച്ചുകൊണ്ടിരിക്കയാണ്.
36 മണിക്കൂര്‍ നേരം വാട്ടര്‍ അതോറിറ്റി തുടര്‍ച്ചയായി വെള്ളം പമ്പ് ചെയ്തതോടെ മറ്റ് പ്രദേശങ്ങളില്‍ വെള്ളം എത്തിക്കുന്നത് മുടങ്ങിയതായും പരാതിയുണ്ട്. മേഘ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയുടെ രണ്ട് ടാങ്കറുകള്‍ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും അത് അപര്യാപ്തമാണ്. പൈപ്പ്ലൈന് തകരാര്‍ ഉടൻ പരിഹരിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.