എ​ടാ​ട്ട് ക​ഴി​ഞ്ഞ​യാ​ഴ്ച നാ​ല് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം 

എടാട്ട് ദേശീയപാത കുരുതിക്കളം

പയ്യന്നൂർ: എടാട്ട് ദേശീയപാത കുരുതിക്കളമാവുന്നു. ആറ് മാസത്തിനുള്ളിൽ അരഡസനോളം അപകടങ്ങളാണ് ഇവിടെയുണ്ടായത്. അടുത്തിടെയാണ് രണ്ട് യുവാക്കൾക്ക് ജീവൻ നഷ്ടമായത്. വർഷങ്ങൾക്ക് മുമ്പ് മൂകാംബികയിൽ പോയി തിരിച്ചുവരുന്ന വാഹനം അപകടത്തിൽപെട്ട് നിരവധി പേർക്കാണ് ജീവഹാനി സംഭവിച്ചത്.

ഈ കാലയളവിൽ അപകടം നിത്യസംഭവമായി മാറിയിരുന്നു. തുടർന്ന് റോഡിൽ ഡിവൈഡറുകൾ സ്ഥാപിച്ച് പൊലീസ് വേഗത നിയന്ത്രിച്ചു. എന്നാൽ, അത് ആരംഭശൂരത്വത്തിൽ ഒതുങ്ങി. ഇടവേളക്കുശേഷം മഴക്കാലമായതോടെ പാത വീണ്ടും കുരുതിക്കളമായി മാറി.

ഏഴിലോട് മുതൽ എടാട്ട് കണ്ണങ്ങാട്ട് സ്റ്റോപ് വരെയുള്ള ഭാഗങ്ങളിലാണ് അപകടങ്ങൾ പതിവാകുന്നത്. കഴിഞ്ഞയാഴ്ചയാണ് ഇവിടെ നാലു വാഹനങ്ങൾ കൂട്ടിയിടിച്ചത്. എന്നാൽ, തലനാരിഴക്ക് ദുരന്തം വഴിമാറുകയായിരുന്നു.

രാത്രികാലങ്ങളിൽ പ്രദേശത്ത് കാൽനടയാത്രക്കാർ അപകടത്തിൽപെടുന്നതും പതിവാണ്. കണ്ണൂർ - പയ്യന്നൂർ ദേശീയപാതയിൽ ഏറ്റവുമധികം നേർരേഖയിലുള്ള പാതയാണിത്. ഇത് വാഹനങ്ങളുടെ, പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളുടെ വേഗത കൂടാൻ കാരണമാണ്. ഇപ്പോൾ ദേശീയപാത വികസനത്തിന്റെ ഭാഗമായി മരങ്ങളും കെട്ടിടങ്ങളും പൊളിച്ചുമാറ്റി. ഇതും വേഗത കൂടാൻ കാരണമായി.

വർഷങ്ങൾക്കുമുമ്പ് സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെ കേന്ദ്രീയ വിദ്യാലയം സ്റ്റോപ്പിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചെങ്കിലും രാഷ്ട്രീയ കലാപകാലത്ത് അത് തകർത്തു. ഇതോടെ പൊലീസ് ഈ തീരുമാനം ഉപേക്ഷിച്ചു. നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ടപ്പോൾ എടുത്ത തീരുമാനമാണ് നടപ്പാവുന്നതിനുമുമ്പേ പാളിയത്.

റോഡിലെ വാഹനത്തിരക്കിന് പുറമെ പയ്യന്നൂർ കോളജ്, സംസ്കൃത സർവകലാശാല, കണ്ണൂർ സർവകലാശാല കാമ്പസുകൾ, കേന്ദ്രീയ വിദ്യാലയം, അരഡസൻ സ്കൂളുകൾ തുടങ്ങിയവ പ്രവർത്തിക്കുന്നത് ഈ പാതയോരത്താണ്. ഇതും ട്രാഫിക് പൊലീസ് സാന്നിധ്യത്തിന്റെയും വേഗത നിയന്ത്രണസംവിധാനത്തിന്റെയും അനിവാര്യതയാണ് സൂചിപ്പിക്കുന്നത്.

വാഹനവേഗത നിയന്ത്രിക്കാനുള്ള ഒരു സംവിധാനവും ഇവിടെയില്ല. ഡിവൈഡറുകില്ല. പൊലീസ് സാന്നിധ്യവുമില്ല. നിരീക്ഷണക്കാമറകൾ കണ്ണടച്ച നിലയിലാണ്. അതുകൊണ്ട് അപകടമൊഴിവാക്കാൻ അടിയന്തരനടപടി ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Tags:    
News Summary - Edat National Highway- accidents are common

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.