പയ്യന്നൂർ: വാഹന ഇൻഷൂറൻസിന് വ്യാജ സർട്ടിഫിക്കറ്റ് നൽകി പയ്യന്നൂരിൽ വൻ തട്ടിപ്പ്. നിരവധി വാഹന ഉടമകളാണ് തട്ടിപ്പിന് ഇരയായത്. കുറച്ചു കാലമായി തുടർന്നു വന്നിരുന്ന തട്ടിപ്പ് അടുത്തിടെ അപകടത്തിൽപ്പെട്ട വാഹനം ഇൻഷൂറൻസ് ക്ലെയിമിനായി അപേക്ഷിച്ചപ്പോഴാണ് വെളിച്ചത്തായത്.സ്വകാര്യ ഇൻഷൂറൻസ് കമ്പനിയായ ബജാജ് അലൈൻസിെൻറ പയ്യന്നൂരിലെ അംഗീകൃത ഏജൻസിയാണെന്ന വാഹന ഉടമകളെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് അരങ്ങേറിയത്. അധികവും ഓട്ടോറിക്ഷ ഡ്രൈവർമാരും ഇരുചക്ര വാഹന ഉടമകളുമാണ് തട്ടിപ്പിന് ഇരയായത്.
പയ്യന്നൂർ ഗവ. ആശുപത്രി റോഡിലെ ഓഫിസ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇൻഷൂറൻസിന് പണം സ്വീകരിക്കുകയും അത് യഥാർഥ കമ്പനിയിൽ അടക്കാതെ പകരം വ്യാജ സർട്ടിഫിക്കറ്റ് നൽകുകയുമാണ് ചെയ്തത്. ഇതുസംബന്ധിച്ച് പയ്യന്നൂർ പൊലീസിൽ ലഭിച്ച പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് രഹസ്യ വിവരത്തെ തുടർന്ന് കാറിൽ സഞ്ചരിക്കുകയായിരുന്ന പയ്യന്നൂർ തായിനേരി സ്വദേശി എം. അഷ്കർ അലി (35), കാഞ്ഞങ്ങാട് സ്വദേശി കെ. ഹർഷാദ് (32) എന്നിവരെ എം.ഡി.എം.എ മയക്കുമരുന്ന് സഹിതം ചൊവ്വാഴ്ച ഉച്ചക്ക് പയ്യന്നൂർ തലിച്ചാലം പാലത്തിനടുത്ത് വാഹനം തടഞ്ഞ് പൊലീസ് അറസറ്റ് ചെയ്തത്.
അന്വേഷണത്തിനിടയിൽ ഇവർ സഞ്ചരിച്ചിരുന്ന കാറിന് ടാക്സി പെർമിറ്റ് ആണെങ്കിലും സ്വകാര്യ വാഹനമെന്ന നിലയിലാണ് നമ്പർ പ്ലേറ്റ് വെച്ചിരുന്നതെന്നും കാറിെൻറ ഇൻഷൂറൻസ് സർട്ടിഫിക്കറ്റ് വ്യാജമാണെന്നും കണ്ടെത്തുകയുമായിരുന്നു. തുടർന്ന് അഷ്കർ അലിയുടെ പേരിലുള്ള ബജാജ് ഇൻഷൂറൻസ് സ്ഥാപനത്തിൽ ബുധനാഴ്ച ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രെൻറ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ നിരവധി രേഖകളും പ്രിൻററും മറ്റും പിടിച്ചെടുക്കുകയായിരുന്നു.
അഷ്കർ അലിയുടെ പേരിൽ പൊലീസ് കേസെടുത്തു. കോടതിയിൽ അപേക്ഷ നൽകി അഷ്കർ അലിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമെ തട്ടിപ്പ് എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ കഴിയുകയുള്ളുവെന്ന് ഡിവൈ.എസ്.പി പറഞ്ഞു. ഇപ്പോൾ മൂന്ന് പരാതികളിലായി പത്ത് വാഹനങ്ങളുടെ ഇൻഷൂറൻസ് തട്ടിപ്പ് നടത്തി എന്നതിനാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പയ്യന്നൂർ പ്രിൻസിപ്പൽ എസ്.ഐ പി. യദുകൃഷ്ണൻ, എസ്.ഐ എ.കെ. ഗിരീഷ്, എ.എസ്.ഐ സത്യൻ, മനോജ്, സൂരജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.