പയ്യന്നൂർ: നർത്തകിയും എഴുത്തുകാരിയും ചിത്രകാരിയുമായ പയ്യന്നൂർ ബാംസുരിയിലെ ജി. നിഷ (52) നിര്യാതയായി. കുഞ്ഞിമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് അധ്യാപികയാണ്. സ്കൂൾ യുവജനോത്സവത്തിൽ കലാതിലകമായിരുന്ന നിഷ നർത്തകി, ചിത്രകാരി, കവയിത്രി എന്നീ മേഖലകളിൽ പ്രശസ്തയാണ്. ഫെയിൻറ് പിച്ചേഴ്സ്, പ്രിസം ഓഫ് ലവ്, മൈ ലവ് സോജേൺ എന്നീ കവിത സമാഹാരങ്ങളുടെ കർത്താവാണ്. ശ്രദ്ധേയമായ ഇരുനൂറിലേറെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്.
തളിപ്പറമ്പ് ചിന്മയ വിദ്യാലയം, പയ്യന്നൂർ ഗവ. ബോയ്സ്, ഗേൾസ് ഹയർ സെക്കൻഡറി, മാടായി, മണത്തണ, കണ്ണൂർ സിറ്റി ഹയർ സെക്കൻഡറി സ്കൂളുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥനായിരുന്ന ഗംഗാധരെൻറയും അധ്യാപികയായിരുന്ന പരേതയായ സുമയുടെയും മകളാണ്. ജല അതോറിറ്റി റിട്ട. ചീഫ് എൻജിനീയർ പി.കെ. രഘു പ്രസാദാണ് ഭർത്താവ്. മക്കൾ: ആതിര (മംഗളൂരു എൻജിനീയറിങ് കോളജ് അസി.പ്രഫസർ ), അശ്വിൻ (സോഫ്റ്റ് വെയർ എൻജിനീയർ വിപ്രോ, ബംഗളൂരു). മരുമകൻ; വിവേക് (എൻജിനീയർ ). സഹോദരി: സീമ ശ്രീകുമാർ.
ഇനിയില്ല, കടുംവർണങ്ങളുടെ നിറപുഞ്ചിരി
പയ്യന്നൂർ: എന്നും ചിരിച്ചുമാത്രം കാണുന്ന കലാകാരിയാണ് കഴിഞ്ഞദിവസം വിടവാങ്ങിയ നിഷ ടീച്ചർ. കടുംവർണങ്ങളെ ഇഷ്ടപ്പെടുന്ന ചിത്രകാരി, ആർദ്ര ഹൃദയംകൊണ്ട് കവിതയെഴുതുന്ന കവയിത്രി, ശാസ്ത്രീയ നൃത്തച്ചുവടുകളിൽ വിസ്മയംതീർക്കുന്ന നർത്തകി. ഈ മുൻ സ്കൂൾ കലാതിലകത്തിെൻറ വിശേഷണങ്ങൾ ഇവിടെ അവസാനിക്കുന്നില്ല.
മികച്ച ഇംഗ്ലീഷ് അധ്യാപികയായിരുന്നു. ഇംഗ്ലീഷ് കവിതസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ചിത്രകാരിയായിരുന്ന ടീച്ചർ എല്ലാ മാധ്യമങ്ങളിലും സൃഷ്ടികൾ നടത്തി. പുരാണങ്ങളുമായി ബന്ധപ്പെട്ടവയാണ് കൂടുതൽ. കൃഷ്ണനും ഗോപികമാരും അർധനാരീശ്വരൻ തുടങ്ങിയവ ഉദാഹരണം. മ്യൂറൽ പെയിൻറിങ്ങുകൾ, മെറ്റൽ കാർവിങ്, ഓയിൽ, വാട്ടർ, അക്രിലിക് മാധ്യമങ്ങൾ എന്നിവയിലെല്ലാം അവർ ചിത്രങ്ങൾ വരച്ചു. നർത്തകി എന്നനിലയിൽ നിരവധി പൊതു അവതരണങ്ങൾ അവർ നടത്തി. ഹൃദ്രോഗ ബാധിതയായി മൂന്നു മാസത്തിന് മുമ്പ് ആൻജിയോപ്ലാസ്റ്റി നടത്തി ജീവിതത്തിലേക്ക് തിരിച്ചു വന്നതായിരുന്നു. അതിനിടെയാണ് അന്ത്യം സംഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.