പയ്യന്നൂർ: കത്തിയെരിയുന്ന സൂര്യന്റെ സൗന്ദര്യം ഇതളുകളിലേക്ക് ആവാഹിച്ചെടുത്ത് മോഹിപ്പിക്കുകയാണ് ഗുൽമോഹർ. പാതയോരങ്ങളെ പ്രണയാതുരമാക്കുന്ന ചുവന്ന വസന്തം. മലയാളത്തിന്റെ കണിക്കൊന്ന അടിമുടി പൊന്നണിയുമ്പോൾ, ചുവന്നു തുടുത്ത് മറ്റൊരു ദൃശ്യവിരുന്നൊരുക്കുകയാണ് ഗുൽമോഹർ.
കണിക്കൊന്നയുടെ പൂക്കാലം കൊഴിഞ്ഞു തീരുമ്പോഴാണ് ഗുൽമോഹർ ചുവന്ന വസന്തം തീർക്കുന്നത്. മേയ് മാസത്തിൽ പൂക്കുന്നതിനാൽ മേയ്ഫ്ലവർ എന്നും വിളിപ്പേരുണ്ട്. വേനൽക്കാലത്ത് പൂക്കുകയും വസന്തം കഴിയുന്നതോടെ ഇല പൊഴിക്കുകയും ചെയ്യുന്ന ഈ മരം വാകയുടെ ഇനത്തിൽപ്പെടുന്നതാണ്. പൂർണമായും ചുവന്നു തുടുക്കുന്നതുകൊണ്ടാവാം കവികൾ പ്രണയ പുഷ്പമായും വിപ്ലവത്തിന്റെ പൂക്കളായും ഗുൽമോഹറിനെ വാഴ്ത്താറുണ്ട്. ശാഖകൾ പൂക്കൾ കൊണ്ട് നിറയുക മാത്രമല്ല നിൽക്കുന്ന ഇടം ചുവപ്പിക്കുന്നു എന്നതും ഈ മരത്തെ വ്യതിരക്തമാക്കുന്നു. ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾ പാതയോരത്ത് ചുവന്ന പരവതാനി വിരിക്കും.
അലസിപ്പൂമരം എന്നും പേരുണ്ട്. ഇംഗ്ലീഷിൽ റോയൽ പൊയിൻസിയാന അഥവ ഫ്ലെoബോയൻഡ് എന്ന് വിളിക്കുന്ന മരത്തിന്റെ ശാസ്ത്രീയ നാമം ഡെലോനിക്സ് റീജിയ എന്നാണ്. എരിയുന്ന വേനലിനു മുന്നിൽ തോൽക്കാൻ മനസ്സില്ലാതെ കൂടുതൽ വർണ വസന്തം തീർക്കുന്നതു കൊണ്ട് അതിജീവനത്തിന്റെ പുഷ്പമാണ് ഗുൽമോഹർ എന്നും പറയാറുണ്ട്. വൻ വൃക്ഷമായി വളരും. എന്നാൽ തടി സോഫ്റ്റ് ആയതിനാൽ ഫർണിച്ചറുകൾക്കു പോലും ഉപയോഗിക്കാനാവില്ല. നല്ല വെയിലുള്ള പ്രദേശത്താണ് കൂടുതലായി വളരുന്നത്. മൂന്നോ നാലോ വർഷം കൊണ്ട് പുഷ്പിക്കും. ഒരു പരിചരണവും ഇല്ലാതെ മണ്ണിൽ നട്ടാൽ മാത്രം വളർന്ന് പൂവിടുന്ന മരമാണ് ഗുൽമോഹർ. പൂക്കാലം കഴിഞ്ഞ ഉടൻ കൊഴിഞ്ഞു വീഴുന്ന കായകളിൽ നിന്ന് നൂറുകണക്കിന് ചെടികൾ തളിർത്തു വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.