പയ്യന്നൂർ (കണ്ണൂർ): കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ് കോറോം കാനായിയിലെ തിക്കിൽ ബാബു എന്ന സുരേഷ് ബാബു(47) പയ്യന്നൂർ പൊലീസ് പിടിയിലായി. വെള്ളിയാഴ്ച രാവിലെ 11.50 ഒാടെ പെരുമ്പ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തുവെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുഞ്ഞിമംഗലം എടാട്ട് കുടുംബക്ഷേത്രമായ കൂത്തൂർ വീട് മടയിൽ മുത്തപ്പൻ ക്ഷേത്രം ഭണ്ഡാരം കവർച്ച നടന്നിരുന്നു. ഇത് വ്യാഴാഴ്ചയാണ് ക്ഷേത്ര ഭാരവാഹികളുടെ ശ്രദ്ധയിൽപെട്ടത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചക്കും വ്യാഴാഴ്ചക്കും ഇടയിലാണ് കവർച്ച നടന്നതെന്നും അയ്യായിരം രൂപയോളം നഷ്ടപ്പെട്ടതായും ക്ഷേത്രം ഭാരവാഹി കൂത്തൂർ വീട്ടിൽ സുരേഷ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇതേത്തുടർന്നു പയ്യന്നൂർ ഡിവൈ.എസ്.പി എം. സുനിൽകുമാറിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം, ഭണ്ഡാര മോഷ്ടാക്കളെപ്പറ്റി അന്വേഷണം നടത്തിവരുന്നതിനിടയിലാണ് സുരേഷ് ബാബു പിടിയിലായത്. നിരവധി ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങൾ കവർച്ച ചെയ്ത കേസിൽ പ്രതിയായ ഇയാൾ ഇക്കഴിഞ്ഞ ഡിസംബർ 16നാണ് അവസാനം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.
കോടതിയിൽ അഭിഭാഷകൻ ഇല്ലാതെ സ്വയം കേസ് വാദിക്കുകയാണ് ഇയാൾ ചെയ്യാറുള്ളതത്രെ. ശിക്ഷിക്കുകയാണെങ്കിൽ, ശിക്ഷ കഴിഞ്ഞ് ജയിലിൽനിന്ന് പുറത്തിറങ്ങിയാൽ വീണ്ടും പിടിക്കപ്പെടുന്നതുവരെ മോഷണം നടത്തുകയാണ് പതിവ്. എടാട്ട് കണ്ണങ്ങാട്ട് ക്ഷേത്രം, വെള്ളൂർ കുടക്കത്ത് കൊട്ടണച്ചേരി ക്ഷേത്രം, എടാട്ട് തൃക്കൈ മഹാവിഷ്ണു ക്ഷേത്രം, കോരൻപീടികയിലുള്ള ക്രിസ്ത്യൻ ദേവാലയം തുടങ്ങിയ നിരവധി ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങൾ കവർച്ച ചെയ്ത സംഭവങ്ങളിൽ കണ്ണൂർ, തളിപ്പറമ്പ്, പരിയാരം, പഴയങ്ങാടി, പയ്യന്നൂർ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയായ ഇയാളെ അന്വേഷണ ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
പയ്യന്നൂർ സി.ഐ എം.സി. പ്രമോദ്, പ്രിൻസിപ്പൽ എസ്.ഐ കെ.ടി. ബിജിത്ത്, എസ്.ഐ അഭിലാഷ്, എ.എസ്.ഐ അബ്ദുൽ റൗഫ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് സുരേഷ് ബാബുവിനെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.