പയ്യന്നൂർ: കാര്യമായ പഠനങ്ങളൊന്നും നടത്താതെ കെ-റെയിൽ കോർപറേഷൻ നടപ്പാക്കാൻ പോകുന്ന സ്റ്റാൻഡേർഡ് ഗേജ് അർധ - അതിവേഗ റെയിൽ പദ്ധതി കേരളത്തിൽ കടക്കെണിയും പ്രകൃതിനാശവും ക്ഷണിച്ചു വരുത്തുന്ന ദുരന്തപദ്ധതിയാണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. പ്രശാന്ത് ഭൂഷൺ. പയ്യന്നൂരിൽ കെ-റെയിൽ സിൽവർലൈൻ പ്രതിരോധ സമിതി സംഘടിപ്പിച്ച സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചാർധാം ഹൈവേ എന്ന പേരിൽ ഹിമാലയം പൊളിച്ച് റോഡ് നിർമിക്കുന്ന ഉത്തരാഖണ്ഡിലെ ദുരന്ത നിർമാണത്തിന് സമമാണ് കെ-റെയിൽ പദ്ധതിയും. കാലാവസ്ഥ വ്യതിയാനം മൂലം പൊറുതിമുട്ടുന്ന കേരളത്തിെൻറ അതിലോല പ്രകൃതിയെ സാരമായി പരിക്കേൽപിക്കും ഈ പദ്ധതി.
ഒരു ലക്ഷം കോടി രൂപയിലധികം ചെലവ് വരുന്ന പദ്ധതി കേരളത്തിന് താങ്ങാനാവില്ല. ഇന്ത്യയിലെ പണപ്പെരുപ്പം മൂലം ആറു ശതമാനം പലിശ കൊടുക്കേണ്ടി വരും. ഇത് കേരളത്തെ കടക്കെണിയിലാക്കും. ഒരു വിഭാഗം സമ്പന്നർക്കു മാത്രമായിരിക്കും പാതയുടെ പ്രയോജനം ലഭിക്കുക. അതുകൊണ്ട് പദ്ധതിയിൽ നിന്നുള്ള വരുമാനം കൊണ്ട് ഇത് നികത്താനാവില്ല.
നിലവിൽ കേരളത്തിലുള്ള ബ്രോഡ് ഗേജ് റെയിൽ സംവിധാനം മെച്ചപ്പെടുത്താനും വേഗം വർധിപ്പിക്കാനും പതിനായിരം കോടി രൂപ മതിയെന്ന് റെയിൽവേ വിദഗ്ധൻ അലോക് വർമ പറയുന്നു. ഇത് നിർദിഷ്ട കെ-റെയിലിെൻറ ചെലവിെൻറ പത്തുശതമാനം മാത്രമെ വരൂ. അതിനാൽ നിർദിഷ്ട കെ-റെയിൽ പദ്ധതിക്കെതിരെ ജനകീയ മുന്നേറ്റമുണ്ടാകണം. നിരവധി ജനകീയ സമരങ്ങളുടെ ചരിത്ര ഭൂമിയായ പയ്യന്നൂരിന് കെ-റെയിൽ പദ്ധതിക്കെതിരെ പുതു സമരചരിതം രചിക്കാനാകും.
പാരിസ്ഥിതികമായും സാമ്പത്തികമായും കേരളത്തെ തകർക്കുന്ന പദ്ധതിയെ ചെറുക്കേണ്ടത് അനിവാര്യമാണെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. ഗാന്ധി പാർക്കിൽ നടന്ന കൺവെൻഷനിൽ കെ-റെയിൽ സിൽവർലൈൻ പ്രതിരോധസമിതി ചെയർമാൻ ടി.പി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. കൺവീനർ വി.കെ. രവീന്ദ്രൻ സ്വാഗതം പറഞ്ഞു. പയ്യന്നൂർ കാനത്തെ കെ-റെയിൽ വിരുദ്ധ സമര പ്രവർത്തക കിഴക്കേവീട്ടിൽ യശോദ, അഡ്വ. പ്രശാന്ത് ഭൂഷണെ പൊന്നാടയണിയിച്ചു.
കെ-റെയിൽ വരുദ്ധ സമരസമിതി സംസ്ഥാന കൺവീനർ എസ്. രാജീവൻ, കെ.സി. ഉമേഷ് ബാബു, എ.പി. നാരായണൻ, കെ.ടി. സഹദുല്ല, ഡോ. ഡി. സുരേന്ദ്രനാഥ്, എസ്.എ. ഷുക്കൂർ ഹാജി, കെ. രാമചന്ദ്രൻ, കരിങ്കൽക്കുഴി കുഞ്ഞിക്കക്കൃഷ്ണൻ, കെ.കെ. ഫൽഗുനൻ, അഡ്വ. ടി.വി. രാജേന്ദ്രൻ, അഡ്വ. വിനോദ് പയ്യട തുടങ്ങിയവർ സംസാരിച്ചു. സമരപരിപാടികളുടെ ഭാഗമായി 140 നിയമസഭ സാമാജികർക്കും കത്തയക്കും. പയ്യന്നൂർ താലൂക്ക് ഓഫിസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും. സമരപരിപാടികൾക്ക് രൂപം നൽകാൻ അമ്പതംഗ സമരസമിതി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.