പയ്യന്നൂർ: രാമന്തളി, മാടായി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നിർദിഷ്ട മൂലക്കീൽകടവ് പാലം നിർമാണം അനിശ്ചിതമായി നീളുന്നു. പാലം നിർമാണവുമായി ബന്ധപ്പെട്ട് കിഫ്ബി, പരിശോധന റിപ്പോർട്ട് തേടി വർഷം കഴിഞ്ഞിട്ടും ഭരണാനുമതി അനന്തമായി നീളുകയാണ്. നാടുനീളെ ഉദ്ഘാടനങ്ങൾ പൊടിപൊടിക്കുമ്പോഴും രാമന്തളിയുടെയും മാടായിയുടെയും പതിറ്റാണ്ടുകൾ നീളുന്ന മുറവിളി കേൾക്കാത്ത നടപടി പ്രതിഷേധത്തിനിടയാക്കുകയാണ്.
2008 മാർച്ചിൽ കുന്നരുവിലെ സാമൂഹിക പ്രവർത്തകനായ കൊയക്കീൽ രാഘവെൻറ അപേക്ഷ പരിഗണിച്ച്, സർക്കാർ നിർദേശപ്രകാരം ബന്ധപ്പെട്ട എൻജിനീയർമാർ 510 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചു. ഇതേത്തുടർന്ന് 2009 ജൂലൈയിൽ വിശദമായ സർവേയും അന്വേഷണവും ബോറിങ്ങും പൂർത്തിയാക്കി. ഇരുഭാഗങ്ങളിലും ജനപ്രതിനിധികൾ ഇടപെട്ട് സമീപന റോഡുകൾക്കാവശ്യമായ സ്ഥലവും ലഭ്യമാക്കി.
2010ൽ പാലത്തിെൻറ രൂപരേഖ തയാറാക്കിയെങ്കിലും തുടർനടപടി നിലച്ചു. ഇതിനിടയിൽ സമീപന റോഡുമായി ബന്ധപ്പെട്ട പ്രശ്നം ഉടലെടുത്തുവെങ്കിലും ടി.വി. രാജേഷ് എം.എൽ.എ ഉൾപ്പെടെ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. എന്നാൽ, നിർമാണം വീണ്ടും നീണ്ടു. 2014ൽ വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കുകയും 14.20 കോടിയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി അയക്കുകയും ചെയ്തു. എന്നാൽ, ഉൾനാടൻ ജലഗതാഗത വകുപ്പ് പാലത്തിെൻറ ഉയരം കൂട്ടുന്നതിന് നിർദേശിക്കുകയും ചെയ്തു. ഇതോടെ 126 മീറ്റർ നീളവും 11 മീറ്റർ വീതിയും നിർദേശിച്ച പാലത്തിെൻറ രൂപരേഖ മാറ്റേണ്ടി വന്നു. നീളം 410 മീറ്ററും ഉയരം 10 മീറ്ററുമായി വർധിപ്പിക്കേണ്ടി വന്നു.
വിഷയം പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്യുകയും എസ്റ്റിമേറ്റ് 25 കോടിയായി വർധിപ്പിക്കുകയും ചെയ്തു. തുടർന്ന് ജല അതോറിറ്റിയുടെ തീരുമാനപ്രകാരം ഉയരം ആറു മീറ്ററായും നീളം 263 മീറ്ററായും പരിമിതപ്പെടുത്തി. ഇതോടെയാണ് പാലത്തിന് വീണ്ടും സജീവത വന്നത്. എന്നാൽ, പാലത്തിെൻറ രൂപരേഖ മാറ്റുന്നതിനുള്ള നടപടികൾ രണ്ടര വർഷത്തിലധികം നീണ്ടുപോയി. തുടർന്ന് 21 കോടി ചെലവുവരുന്ന നിർമാണത്തിന് ഡി.പി.ആർ തയാറാക്കി. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളാണ് കിഫ്ബി തേടിയത്. 2016 ഒക്ടോബർ 31ന് നടന്ന കിഫ്ബി യോഗം ഭരണാനുമതി നൽകുകയും ചെയ്തു.
പാലത്തിെൻറ രൂപരേഖ പുതുക്കുന്നതിന് പഠനം നടത്തി എസ്റ്റിമേറ്റ് തയാറാക്കാൻ മൂന്നു വർഷമെടുത്തു. തുടർന്ന് കഴിഞ്ഞവർഷം ജനുവരിയിൽ ബന്ധപ്പെട്ട എൻജിനീയർമാർ 23.52 കോടി രൂപയുടെ ഡി.പി.ആർ തയാറാക്കി സർക്കാറിന് സമർപ്പിച്ചു. ഇതിൽ ഒരു കോടി മാടായി ഗ്രാമപഞ്ചായത്തിലെ സ്ഥലമെടുപ്പ് നടപടികൾക്കായിരുന്നു. 2018 മുതലുണ്ടായ പ്രകൃതിദുരന്തങ്ങളും 2020ലെ കോവിഡുമാണ് കല്യാശ്ശേരി, പയ്യന്നൂർ മണ്ഡലങ്ങളെ കൂടി ബന്ധിപ്പിക്കുന്ന പാലം യാഥാർഥ്യമാകാതിരിക്കാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.ഇരു ഗ്രാമപഞ്ചായത്തുകളിലെയും നിരവധി അവികസിത പ്രദേശങ്ങളുടെ വികസന സ്വപ്നങ്ങൾ കൂടിയാണ് പാലം.
ഈ സർക്കാറിെൻറ കാലത്തുതന്നെ പാലംപണി തുടങ്ങുമെന്ന പ്രതീക്ഷയാണ് അനിശ്ചിതമായി നീളുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇനിയെപ്പോളെന്ന ചോദ്യവും ഉയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.