പയ്യന്നൂർ: 'ദ്വീപിലെ കച്ചവടസ്ഥാപനങ്ങൾ ആളില്ലാതെ തുറന്നു കിടക്കുന്നതു കാണാറുണ്ട്. സാധനമോ പണമോ ആരും മോഷ്ടിക്കാറില്ല. കപ്പലിറങ്ങിയെത്തുന്ന വൻകരക്കാരെൻറ ജാതിയോ മതമോ അവർ നോക്കാറില്ല. അതിഥിയെ അവർ ദൈവത്തെ പോലെ സ്നേഹിക്കും. കരൾ പറിച്ചു കൊടുക്കുന്ന സ്നേഹം. അത് നിരവധി തവണ അനുഭവിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്' രാമന്തളിയിലെ വീട്ടിൽ നിന്ന് കെ.കെ. അസൈനാർ മാസ്റ്റർ ഇത് വെറുതെ പറയുന്നതല്ല. ഒന്നല്ല 15 ഓളം തവണ ദ്വീപിലെത്തിയതിെൻറ അനുഭവസാക്ഷ്യമാണ് മാസ്റ്റർ പങ്കുവെക്കുന്നത്. ഇവിടെയാണ് ഗുണ്ടാ നിയമം നടപ്പാക്കുന്നത്, വർഗീയ ചേരിതിരിവുണ്ടാക്കി ജനതയെ ഭിന്നിപ്പിക്കുന്നതിനുള്ള കോപ്പുകൂട്ടുന്നത്.
1984 ലാണ് റിട്ട. അധ്യാപകനായ അസൈനാർ മാസ്റ്റർ ദ്വീപിെൻറ സ്നേഹ സൗഹൃദത്തിലേക്ക് ആദ്യം കടൽ കടന്നെത്തുന്നത്. വിനോദ സഞ്ചാരിയായിട്ടായിരുന്നു ചെറുപ്പം മുതൽ മനസ്സിൽ കൊണ്ടു നടന്ന പവിഴ ദ്വീപിലെ പഞ്ചാരമണൽ ആദ്യം തൊട്ടറിയുന്നത്. കവരത്തിയും മിനിക്കോയിയും കണ്ടു മടങ്ങിയത് അവിടെയുള്ളവരുമായി വലിയ സൗഹൃദം ഹൃദയത്തിൽ ഏറ്റുവാങ്ങിയായിരുന്നു. പിന്നീട് ഈ സൗഹൃദം പവിഴദ്വീപുമായുള്ള പ്രണയമായി മാറി. ചരിത്രകാരൻ കൂടിയായ മാസ്റ്റർ ദ്വീപിലെ ക്ഷണിക്കപ്പെട്ട അതിഥിയായിയെത്തുന്നത് തുടർ ചരിത്രം.
മാസ്റ്ററുടെ ദ്വീപു സ്നേഹം വളർന്നതിലൂടെയാണ് 2010ൽ ലക്ഷദ്വീപ് മുതൽ അന്തമാൻ-നികോബാർ ദ്വീപ് വരെ എന്ന യാത്രാവിവരണ ഗ്രന്ഥത്തിെൻറ പിറവി. വെറും യാത്രാവിവരണ ഗ്രന്ഥം മാത്രമല്ല ഇൗ പുസ്തകം. ദ്വീപിെൻറ ചരിത്രമാണ്. ജോലി ചെയ്ത വിദ്യാലയമായ തായിനേരി എസ്.എ.ബി.ടി.എം ഹൈസ്കൂളിൽ ദ്വീപിനെ അറിയാൻ എന്ന പ്രദർശനത്തിന് നേതൃത്വം നൽകിയായിരുന്നു ദ്വീപിനെ കരയിലെത്തിച്ചത്. ദ്വീപ് ജീവിതത്തിെൻറ നേർക്കാഴ്ചകളൊരുക്കിയ പ്രദർശനം ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. ലക്ഷദ്വീപിലെ പുതിയ തലമുറയിൽപെട്ടവരും മാഷിനെ കാണാൻ ഇപ്പോഴും രാമന്തളിയിലെ വീട്ടിലെത്താറുണ്ട്. അവർ മാഷിെൻറ ആതിഥ്യമധുരം നുകർന്ന് തിരിച്ചു പോകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.