പയ്യന്നൂർ: തെരുവിൽ അലഞ്ഞ അലമേലുവും മുത്തുവും ഇനി പഴയങ്ങാടി ഗാർഡിയൻ എയ്ഞ്ചൽസിന്റെ സ്നേഹത്തണലിൽ. വർഷങ്ങളായി പയ്യന്നൂർ ടൗണിലും പരിസരപ്രദേശങ്ങളിലെ വരാന്തകളിലും അന്തിയുറങ്ങുന്ന ഈ അമ്മയെയും മകനെയും പയ്യന്നൂർ നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത ഇടപെട്ടാണ് ഗാർഡിയൻ എയ്ഞ്ചൽസിന്റെ സുരക്ഷിതത്വത്തിലേക്ക് മാറ്റിയത്. ചെയർപേഴ്സന്റെ നേതൃത്വത്തിൽ മുത്തത്തി പകൽവീടിന്റെ നേതൃത്വത്തിൽ ആരോഗ്യ പരിശോധനയും ആവശ്യമായ വസ്ത്രങ്ങളും നൽകിയാണ് അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്.
നേരത്തെ കോവിഡ് രോഗവ്യാപനം രൂക്ഷമായ സമയത്ത് അമ്മയെയും മകനെയും സുരക്ഷിതസ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമം ചെയർപേഴ്സന്റെ നേതൃത്വത്തിൽ നടന്നുവെങ്കിലും ഇവർ വിസമ്മതിക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും അവശനിലയിലായ അമ്മയും മകനും ചെയർപേഴ്സന്റെ ഇടപെടലിലൂടെ പയ്യന്നൂർ വിടാൻ സമ്മതിക്കുകയായിരുന്നു.
ഉസ്താദ് അബ്ദുൽ റഷീദ് സഖാഫിയുടെ നേതൃത്വത്തിലുള്ള പഴയങ്ങാടി ഗാർഡിയൻ എയ്ഞ്ചൽസ് കെയർഹോം രണ്ടുപേരുടെയും പരിചരണം ഏറ്റെടുക്കാൻ തയാറാവുകയായിരുന്നു. പയ്യന്നൂർ പൊലീസ് സബ് ഇൻസ്പെക്ടർ ഉമേഷ്, ഉദ്യോഗസ്ഥരായ അനൂപ്, രമേശൻ, പയ്യന്നൂർ താലൂക്ക് ആശുപത്രി പി.ആർ.ഒ ജാക്സൺ ഏഴിമല, പകൽവീട് നഴ്സിങ് ഓഫിസർ ജിനിയ ജോസഫ്, ഷിജോ ഏഴിമല എന്നിവർ ചെയർപേഴ്സനോടൊപ്പം കെയർഹോമിലേക്ക് മാറ്റുന്നതിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.