പയ്യന്നൂർ: വ്യാജമായി നിർമിച്ച് വിൽപനക്കായി കടയിലും ഗോഡൗണിലും സൂക്ഷിച്ച ഒരു ലക്ഷം രൂപയുടെ കൊതുകുതിരികൾ പൊലീസ് പിടികൂടി. കടയുടമക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. പയ്യന്നൂർ ടൗണിൽ സെൻട്രൽ ബസാറിൽ പ്രവർത്തിക്കുന്ന കെ.എ. സ്റ്റോറിലാണ് സംഭവം. വെള്ളിയാഴ്ച പയ്യന്നൂർ ഇൻസ്പെക്ടർ മഹേഷ് കെ. നായർ, എസ്.ഐമാരായ കെ.പി. അനിൽ ബാബു, മുരളി, എ.എസ്.ഐ എം. ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്.
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന അഷി കാസ് സ്ലീപ്പ് വെൽ കമ്പനിയുടെ ഉൽപന്നമായ കൊതുകുതിരി വ്യാജമായി നിർമിച്ച് കമ്പനിയുടേതെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ കവറിനു മുകളിൽ കമ്പനിയുടെ പേരും ട്രേഡ്മാർക്കും വെച്ചായിരുന്നു വിൽപന. ഇതു സംബന്ധിച്ച് കമ്പനി നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥനായ എം. നാഗേശ്വർ റാവു ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയെത്തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്.
കടക്കകത്തും തൊട്ടടുത്ത ഗോഡൗണിലും പ്ലാസ്റ്റിക് ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു കൊതുകുതിരികൾ. അഞ്ഞൂറിനടുത്ത് പാക്കറ്റ് കൊതുകുതിരികളുണ്ടായിരുന്നു. ഒരു കവറിനകത്ത് ഒരു ഡസൻ വീതമുള്ള പത്ത് പാക്കറ്റുകളായാണ് കൊതുകുതിരികളുള്ളത്. ഇതിന് ഒരുകവറിന് കമ്പനി ഒറിജിനൽ കൊതുകുതിരിക്ക് 240 രൂപയാണ് എം.ആർ.പി വില. വ്യാജന്റെ വില 180 രൂപ.
അഷി കാസ് സ്ലീപ്പ് വെൽ കമ്പനിയുടെ കൊതുകുതിരി വിൽപനയിൽ അടുത്ത കാലത്ത് ഗണ്യമായ കുറവ് വന്നതിനെത്തുടർന്നാണ് കമ്പനി പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് പയ്യന്നൂരിലെ കടയിലും വ്യാജനുണ്ടെന്ന വിവരം ലഭിച്ചതും ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയതും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.