പയ്യന്നൂർ: നഗരത്തിന്റെ മുഖം മാറുന്നു. സെൻട്രൽ ബസാർ ജങ്ഷൻ വികസനത്തിന് സർക്കാരിന്റെ അനുമതി ലഭിച്ചു. സെൻട്രൽ ബസാർ ജങ്ഷൻ വികസിപ്പിക്കുന്നതിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ചതായി ടി.ഐ. മധുസൂദനൻ എം.എൽ.എ അറിയിച്ചു.
പയ്യന്നൂർ നഗരം അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നാണ് ഗതാഗതക്കുരുക്ക്. കാലഘട്ടത്തിനനുസൃതമായി റോഡ് വികസനം നടക്കാത്തതിനാൽ ഈ വിഷയം സങ്കീർണമായിക്കൊണ്ടിരിക്കുകയാണ്.
ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണണമെങ്കിൽ റോഡ് വികസനം അത്യാവശ്യമാണ്. ഇതിന്റെ പ്രഥമ ഘട്ടമാണ് യാഥാർഥ്യമാകുന്നത്. നഗരത്തിൽ ഏറ്റവും കൂടുതൽ ഗതാഗത പ്രശ്നം നിലനിൽക്കുന്ന സ്ഥലം സെൻട്രൽ ബസാർ ജങ്ഷനാണ്. ഇവിടത്തെ വികസനമാണ് ഇപ്പോൾ യാഥാർഥ്യമാവാൻ പോകുന്നത്.
ജങ്ഷൻ വീതി കൂട്ടി സിഗ്നൽ സംവിധാനം ഒരുക്കുന്നതോടൊപ്പം നാല് ഭാഗത്തേക്കും 14 മീറ്ററിൽ കുറയാതെ റോഡ് വീതി കൂട്ടും. കിഫ്ബി ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുമ്പോൾ മതിയായ നഷ്ടപരിഹാര പാക്കേജ് നടപ്പിലാക്കും. ജങ്ഷൻ വികസിക്കുന്നതോടെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാവും. ഒപ്പം മെയിൻ റോഡ് പൂർണമായും വീതി കൂട്ടി കുരുക്ക് ഒഴിവാക്കണമെന്ന ആവശ്യവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.