പയ്യന്നൂർ: പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രിക്ക് ഇനി പുതിയ മുഖം. 104 കോടി ചെലവിൽ നവീകരണം പൂർത്തിയായ കെട്ടിടത്തിന്റെയും ഇതര നവീകരണ പ്രവൃത്തികളുടെയും ഉദ്ഘാടനം ഞായറാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിക്കും.
1919ൽ റൂറൽ ഡിസ്പെൻസറിയായി ആരംഭിച്ച സ്ഥാപനം 1965ൽ സർക്കാർ ആശുപത്രിയായും 2009ൽ താലൂക്ക് ആശുപത്രിയായും ഉയർന്നു. ഒരേക്കർ 96 സെന്റ് സ്ഥലത്ത് നിലകൊള്ളുന്ന ആശുപത്രിയിൽ ഇപ്പോൾ എട്ട് വിഭാഗങ്ങളിലായി 22 ഡോക്ടർമാരും 150 ഇതര ജീവനക്കാരും സേവനമനുഷ്ഠിക്കുന്നു.
79452 ചതുരശ്ര അടി വിസ്തീർണത്തിൽ ഏഴ് നിലകളിലായാണ് പുതിയ കെട്ടിട സമുച്ചയം നിർമിച്ചിരിക്കുന്നത്. താഴത്തെ നിലയിൽ അത്യാഹിത വിഭാഗം, ഇ.സി.ജി, ജീവിതശൈലി രോഗ നിയന്ത്രണ വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ഡിജിറ്റൽ എക്സ് റേ, സി.ടി സ്കാൻ എന്നിവയും ഈ നിലയിൽ പ്രവർത്തന സജ്ജമാവും.
ഒന്നാംനിലയിൽ കുട്ടികളുടെ വാർഡ്, കുട്ടികളുടെ ഐ.സി.യു എന്നീ സൗകര്യങ്ങളും, രണ്ടാം നിലയിൽ സ്ത്രീകളുടെ വാർഡ്, മെഡിക്കൽ ഐ.സി.യു എന്നീ സൗകര്യങ്ങളും മൂന്നാംനിലയിൽ പ്രസവമുറി, ഗൈനക് ഓപറേഷൻ തിയറ്റർ, പ്രസവാനന്തര ശസ്ത്രക്രിയ വാർഡ്, എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
നാലാം നിലയിൽ പുരുഷന്മാരുടെ വാർഡ്, പുനരധിവാസ കേന്ദ്രം, സെമിനാർ ഹാൾ എന്നിവയാണുള്ളത്. അഞ്ചാം നിലയിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും സർജിക്കൽ വാർഡ്, സർജിക്കൽ ഐ.സി.യു എന്നീ സൗകര്യങ്ങളും ആറാം നിലയിൽ ഓപറേഷൻ തിയറ്റർ, ശസ്ത്രക്രിയാനന്തര വാർഡ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
വാർത്തസമ്മേളനത്തിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത, വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ വി.വി. സജിത, ടി. വിശ്വനാഥൻ, വി. ബാലൻ, കെ.കെ. സുമ, സൂപ്രണ്ട് ഡോ. സി.കെ. ജീവൻലാൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.