പയ്യന്നൂർ: താലൂക്ക് ആശുപത്രിയുടെ ബഹുനില കെട്ടിട നിർമാണ പ്രവൃത്തികൾ നടക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. ശനിയാഴ്ച മുതൽ സ്പെഷാലിറ്റി ഒ.പികൾ താലൂക്ക് ആശുപത്രിക്ക് സമീപത്തുള്ള ശ്രദ്ധ ആശുപത്രിയിലായിരിക്കും പ്രവർത്തിക്കുക. കെ.എച്ച്.ആർ.ഡബ്ല്യു .എസ് പേവാർഡിന്റെ രണ്ട് നിലകളിലായി കാഷ്വൽറ്റി, ഡ്രസ്സിങ് റൂം, നിരീക്ഷണ മുറികൾ, ലാബ് എന്നിവ പ്രവർത്തിക്കുന്നതാണ്.
ഗൈനക്കോളജി, സർജറി വിഭാഗം ഒ.പികൾ എന്നിവയും ശ്രദ്ധ ഹോസ്പിറ്റലിലായി ക്രമീകരിച്ചിട്ടുള്ള ഇടങ്ങളിലും ഗൈനക്കോളജി, എമർജൻസി സീസേറിയൻ ഉൾപ്പെടെ കിടത്തിച്ചികിത്സ ആവശ്യമായി വരുന്നവർക്ക് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഡയാലിസിസ്, വിമുക്തി ഡി അഡിക്ഷൻ സെന്റർ, ഫാർമസി, എ.സി.ആർ ലാബ്, എക്സ്റേ, ദന്തരോഗ വിഭാഗം, കുട്ടികൾക്കുള്ള രോഗപ്രതിരോധ കുത്തിവെപ്പ്, കോവിഡ് വാക്സിനേഷൻ, പാലിയേറ്റിവ് ഒ.പി, മാനസിക ആരോഗ്യ ക്ലിനിക്ക്, സി.ഡി.എം.ആർ.പി എന്നിവയുൾപ്പെടെയുള്ള സേവനങ്ങൾ നിലവിലുള്ളതു പോലെ തുടരുന്നതാണെന്നും നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത അറിയിച്ചു.
104 കോടി ചെലവിൽ ആർദ്രം മിഷന്റെ ഭാഗമായി കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി താലൂക്ക് ആശുപത്രിയിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ച് വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. ശനിയാഴ്ച മുതൽ മേയ് 26 വരെ രണ്ട് മാസത്തേക്ക് നിലവിലുള്ള ഒ.പി, ഐ.പി ഓപറേഷൻ തിയറ്റർ ബ്ലോക്കുകൾ പൂർണമായും മറ്റുള്ള വിഭാഗങ്ങൾ ഭാഗികമായും പ്രവർത്തനം തടസ്സപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ടി.ഐ. മധുസൂദനൻ എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രി വികസന സമിതി യോഗമുൾപ്പെടെ വിളിച്ചു ചേർത്താണ് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.