പയ്യന്നൂർ: നഗരത്തിൽ ഓണത്തിരക്കിനോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം കർശനമാക്കും. അനധികൃത പാർക്കിങ്ങിനെതിരെ നടപടി സ്വീകരിക്കും. ചെയർപേഴ്സൻ കെ.വി. ലളിതയുടെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് കമ്മിറ്റി അവലോകന യോഗത്തിലാണ് തീരുമാനം.
ബൈപാസ്, മുനിസിപ്പൽ സ്റ്റേഡിയം റോഡുകളിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തി യാത്രാസൗകര്യമൊരുക്കും. ടൗണിലെ ട്രാഫിക് നിയന്ത്രിക്കുന്നതിനായി സെൻട്രൽ ബസാർ മുതൽ പഴയ ബസ് സ്റ്റാൻഡ് വരെ ഡിവൈഡറുകൾ സ്ഥാപിക്കും. ഗാന്ധി പാർക്ക് റോഡ്, സി.ഐ.ടി.യു ഓഫിസ് റോഡ് (കോഓപറേറ്റിവ് സ്റ്റോർ എതിർവശം) എന്നിവയിലേക്ക് മെയിൻ റോഡിൽനിന്നു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു.
മെയിൻ റോഡിൽ കരിഞ്ചാമുണ്ഡി ക്ഷേത്രം മുതൽ പഴയ ബസ്റ്റാൻഡുവരെ വടക്കുഭാഗത്ത് മാത്രമേ പാർക്കിങ് അനുവദിക്കുകയുള്ളു. ട്രാഫിക് നിയന്ത്രിക്കുയി പയ്യന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് കൂടുതൽ ഹോം ഗാർഡുകളെ അനുവദിക്കുന്നതിന് അധികൃതരോട് ആവശ്യപ്പെടും.
സെന്റ് മേരീസ് സ്കൂളിലേക്ക് വിദ്യാർഥികളെയും കയറ്റിവരുന്ന വാഹനങ്ങൾ സ്കൂൾ കോമ്പൗണ്ടിനകത്ത് പ്രവേശിച്ച് കുട്ടികളെ ഇറക്കേണ്ടതാണ്. സി.ഐ.ടി.യു സഹകരണ ആശുപത്രി റോഡിൽ അനധികൃത പാർക്കിങ് അനുവദിക്കില്ല. നഗരത്തിലെ തിരക്ക് ഒഴിവാക്കുന്നതിന് രാവിലെ ഒമ്പതുമുതൽ 10.30 വരെയും വൈകീട്ട് മൂന്നുമുതൽ 4.30 വരെയും ചരക്കുകയറ്റ് - ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.
മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റുമായി സഹകരിച്ച് വില്ലേജ് തലത്തിൽ ട്രാഫിക് ബോധവത്കരണം നടത്തുന്നതിനും തീരുമാനിച്ചു.
വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, സ്ഥിരം സമിതി അധ്യക്ഷരായ ടി. വിശ്വനാഥൻ, വി. ബാലൻ, വി.വി. സജിത, നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ്, എ. ഇ.കെ. ഉണ്ണി, ഡപ്യൂട്ടി തഹസിൽദാർ രാജേഷ്, പൊലീസ് സബ് ഇൻസ്പെക്ടർ പി. വിജേഷ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.പി. റോഷൻ, പി.ഡബ്ല്യു.ഡി വിഭാഗം ഓവർസിയർ സുരഭിരാജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.