പരിശോധന ഫലം വന്നു; അത് പേപ്പട്ടി തന്നെ

പയ്യന്നൂർ: പയ്യന്നൂരിൽ അടിച്ചുകൊന്ന തെരുവുനായ് പേപ്പട്ടിയെന്ന് സ്ഥിരീകരിച്ചു. പുറത്തെടുത്ത് നടത്തിയ പോസ്റ്റുമോർട്ടംത്തിലാണ് സ്ഥിരീകരണം. ബുധനാഴ്ചയാണ് കുഴിച്ചിട്ട നായുടെ ജഡം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി ആന്തരികാവയവങ്ങൾ പരിശോധനക്കയച്ചത്.  

ഒരാഴ്ച മുമ്പ് മറവു ചെയ്ത നായുടെ ജഡമാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതരും പൊലീസും ചേർന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്. നായെ അടിച്ചു കൊന്നതിനെതിരെ തൃശൂരിൽ പ്രവർത്തിക്കുന്ന മൃഗസ്നേഹികളുടെ സംഘടന പരാതി നൽകിയിരുന്നു.

ഇതേത്തുടർന്ന് ഒരുസംഘം നാട്ടുകാർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്. ഇതിന്റെ ഭാഗമായാണ് പോസ്റ്റുമോർട്ടം നടത്തിയത്. നായ്ക്ക് പേവിഷബാധയുണ്ടായിരുന്നോ എന്നറിയാൻ കൂടിയാണ് മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധന. പരിശോധനഫലം വന്നതോടെ നാട്ടുകാർ ഭീതിയിലാണ്.

 പയ്യന്നൂർ നഗരത്തിൽ ഒമ്പതുപേരെയും കരിവെള്ളൂരിൽ നാലുപേരെയും കടിച്ച തെരുവുനായെ ഏതാനും മണിക്കൂറുകൾക്കു ശേഷം മാവിച്ചേരിയിൽ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. പയ്യന്നൂരിൽ സ്കൂൾ വിദ്യാർഥികളടക്കമുള്ളവരെ കഴിഞ്ഞ 13ന് രാവിലെയായിരുന്നു ഈ നായ് കടിച്ചത്. 12ന് വൈകീട്ട് കരിവെള്ളൂരിൽ നാലുപേർക്കും കടിയേറ്റു. ഉച്ചയോടെയാണ് ഇതിനെ ചത്ത നിലയിൽ കണ്ടെത്തിയത്. 

 നായെ നാട്ടുകാരായ ചിലർ അടിച്ചുകൊന്നതാണെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് പിന്നീട് വ്യക്തമായിരുന്നു. നായുടെ ജഡം പോസ്റ്റുമോർട്ടം നടത്താതെയായിരുന്നു, നഗരസഭയുടെ നിർമാണത്തിലിരിക്കുന്ന പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് മറവുചെയ്തത്. പോസ്റ്റുമോർട്ടം നടക്കാത്തതിനാൽ നായ്ക്ക് പേവിഷബാധയുണ്ടായിരുന്നോ എന്നും വ്യക്തമായിരുന്നില്ല.

  പേവിഷബാധയുണ്ടായിരുന്നോ എന്നറിയാനാണ് നായുടെ തലച്ചോറടക്കമുള്ള ആന്തരികാവയവങ്ങൾ പരിശോധനക്കയച്ചത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നഗരസഭാധികൃതരും പോസ്റ്റുമോർട്ടം നടപടികൾക്ക് നേതൃത്വം നൽകി. അതേസമയം നായുടെ ജഡം പോസ്റ്റുമോർട്ടം നടത്താനെത്തിയ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. നാട്ടുകാർക്കെതിരെ കേസെടുത്ത നടപടിയാണ് ഇവരെ പ്രകോപിപ്പിച്ചത്.

Tags:    
News Summary - stray dog menace-test result came

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.