പയ്യന്നൂർ: അടിച്ചുകൊന്ന തെരുവുനായുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു. ബുധനാഴ്ചയാണ് കുഴിച്ചിട്ട നായുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി ആന്തരികാവയവങ്ങൾ പരിശോധനക്കയച്ചത്. ഒരാഴ്ച മുമ്പ് മറവുചെയ്ത നായുടെ ജഡമാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതരും പൊലീസും ചേർന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്.
നായെ അടിച്ചുകൊന്നതിനെതിരെ തൃശൂരിൽ പ്രവർത്തിക്കുന്ന മൃഗസ്നേഹികളുടെ സംഘടന പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഒരു സംഘം നാട്ടുകാർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുകയാണ്. ഇതിന്റെ ഭാഗമായാണ് പോസ്റ്റ്മോർട്ടം നടത്തിയത്. നായ്ക്ക് പേവിഷബാധയുണ്ടായിരുന്നോ എന്നറിയാൻകൂടിയാണ് മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധന.
പയ്യന്നൂർ നഗരത്തിൽ ഒമ്പതു പേരെയും കരിവെള്ളൂരിൽ നാലുപേരെയും കടിച്ച തെരുവുനായെ ഏതാനും മണിക്കൂറുകൾക്കുശേഷം മാവിച്ചേരിയിൽ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. പയ്യന്നൂരിൽ സ്കൂൾ വിദ്യാർഥികളടക്കമുള്ളവരെ കഴിഞ്ഞ 13ന് രാവിലെയാണ് ഈ നായ് കടിച്ചത്.
12ന് വൈകീട്ട് കരിവെള്ളൂരിൽ നാലുപേർക്കും കടിയേറ്റു. ഉച്ചയോടെയാണ് ഇതിനെ ചത്ത നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടക്കാത്തതിനാൽ നായ്ക്ക് പേവിഷബാധയുണ്ടായിരുന്നോ എന്നും വ്യക്തമായിരുന്നില്ല. പേവിഷബാധയുണ്ടായിരുന്നോ എന്നറിയാനാണ് നായുടെ തലച്ചോറടക്കമുള്ള ആന്തരികാവയവങ്ങൾ പരിശോധനക്കയച്ചത്.
മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നഗരസഭ അധികൃതരും പോസ്റ്റ്മോർട്ട നടപടികൾക്ക് നേതൃത്വം നൽകി. അതേസമയം, നായുടെ ജഡം പോസ്റ്റ്മോർട്ടം നടത്താനെത്തിയ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി.
നാട്ടുകാർക്കെതിരെ കേസെടുത്ത നടപടിയാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. എന്നാൽ, മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി നൽകിയ സാഹചര്യത്തിലാണ് കേസെടുത്തതെന്നും ഉദ്യോഗസ്ഥരെ തടഞ്ഞാൽ നടപടി വേണ്ടിവരുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി കടിയേറ്റവരിൽനിന്നും ആശുപത്രി അധികൃതരിൽനിന്നും മറ്റും മൊഴിയെടുക്കും. എന്നാൽ, മറ്റു നടപടികൾ തൽക്കാലമുണ്ടാവില്ലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.