കോടതിയിൽനിന്ന് ചാടിപ്പോയ വാഹന മോഷ്ടാവ് പിടിയിൽ

പയ്യന്നൂര്‍: കോടതിയിൽനിന്ന് ചാടിപ്പോയ കുപ്രസിദ്ധ വാഹന മോഷ്ടാവ് പിടിയിൽ. പെരിയാട്ടടുക്കം റിയാസ് എന്ന കാസര്‍കോട് പെരിയാട്ടടുക്കം സ്വദേശി കണ്ണിപ്പൊടിയില്‍ ഹൗസില്‍ ടി.എച്ച്. റിയാസാണ് (40) പയ്യന്നൂര്‍ പൊലീസിന്റെ പിടിയിലായത്. നിരവധി മോഷണക്കേസുകളിലെ പ്രതിയായ ഇയാൾ കോടതിയിൽ കീഴടങ്ങാനെത്തുകയും റിമാൻഡ് ചെയ്യുമെന്നായതോടെ ഓടിരക്ഷപ്പെടുകയുമായിരുന്നു. ഒളിവില്‍ കഴിയുകയായിരുന്ന റിയാസ് മട്ടന്നൂര്‍ ശിവപുരത്തെ ഭാര്യവീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് പയ്യന്നൂർ പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ മാസം 22ന് വൈകീട്ടാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽനിന്ന് ഇയാൾ ചാടിപ്പോയത്. അഭിഭാഷകനോടൊപ്പം കോടതിയില്‍ കീഴടങ്ങാനെത്തിയ റിയാസിന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്താന്‍ തുടങ്ങവേ, റിമാൻഡിലാകുമെന്ന ഘട്ടത്തിൽ കോടതി മുറിയില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു. കോടതി ജൂനിയർ സൂപ്രണ്ട് പയ്യന്നൂർ പൊലീസിൽ പരാതി നൽകി. 2008ൽ ചെറുതാഴം മണ്ടൂരില്‍നിന്ന് സ്‌കോർപിയോ കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ കോടതിയില്‍ ഹാജരാകാന്‍ വീഴ്ച വരുത്തിയതിന് റിയാസിനെതിരെ വാറൻറ് പുറപ്പെടുവിച്ചിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി നൂറോളം കേസുകളിലും കർണാടകയിലെ കൊലപാതകക്കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - The car thief who escaped from the court was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.