പയ്യന്നൂർ: പരിസ്ഥിതിസ്നേഹിയും ജനകീയ ഡോക്ടറുമായ ഡോ. കെ.എം. കുര്യാക്കോസ് കണ്ണൂർ ഗവ. മെഡിക്കൽ കോളജിെൻറ പ്രിൻസിപ്പൽ സ്ഥാനത്തുനിന്നും പടിയിറങ്ങുന്നു. 31നാണ് വിരമിക്കൽ. കാമ്പസിലെ നാല് ഏക്കർ ഭൂമിയിൽ 4500 വൃക്ഷത്തൈകൾ നട്ട് പച്ചത്തുരുത്ത് സൃഷ്ടിക്കാനുള്ള യത്നത്തിന് നേതൃത്വം നൽകിയാണ് ഡോക്ടർ പടിയിറങ്ങുന്നത്.
കഴിഞ്ഞ മഴക്കാലത്തായിരുന്നു മരങ്ങൾ നട്ടത്. പച്ചത്തുരുത്തിലെ തൈകളെ കൊടിയ വേനലിലും നനച്ച് സംരക്ഷിക്കാനും അദ്ദേഹം നേതൃത്വം നൽകി. ഡോ. കുര്യാക്കോസിന് ആദരമായി നാടൻ മാവുകളുടെ പച്ചത്തുരുത്ത് ഒരുക്കാൻ ഹരിത കേരളം മിഷൻ പദ്ധതിയൊരുക്കിയിട്ടുണ്ട്. മെഡിക്കൽ കോളജ് കാമ്പസിൽ 450 നാടൻ മാവുകളുടെ ചെടികൾ നട്ടാണ് നാടൻ മാവ് പച്ചത്തുരുത്ത് ഒരുക്കുന്നത്. ശനിയാഴ്ച ഉച്ച രണ്ടിനാണ് പച്ചത്തുരുത്തിലെ മാവ് നടീൽ ആരംഭിക്കുക. ഡോ. കെ.എം. കുര്യാക്കോസിനുള്ള മികച്ച ആദരമാവുകയാണ് നാട്ടുമാവിൻ തോട്ടം.
ഗവ. മെഡിക്കൽ കോളജ് കാമ്പസിനെ ജൈവ വൈവിധ്യ കലവറയാക്കാനുള്ള പദ്ധതിക്ക് കഴിഞ്ഞ വർഷമാണ് ഡോക്ടറുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചത്. വിവിധങ്ങളായ വൃക്ഷങ്ങൾ െവച്ചുപിടിപ്പിക്കാനുള്ള ബൃഹദ് പദ്ധതിക്ക് കാമ്പസിൽ ടി.വി. രാജേഷ് എം.എൽ.എ മരം നട്ട് തുടക്കം കുറിച്ചു.150ഓളം വൈവിധ്യമാർന്ന നാട്ടുമാവുകൾ, അയ്യായിരത്തോളം ഫലവൃക്ഷങ്ങൾ, ആര്യവേപ്പ്, കറിവേപ്പ്, ഔഷധസസ്യങ്ങൾ, വള്ളിച്ചെടികൾ എന്നിവ നട്ടുവളർത്തുന്നതോടൊപ്പം നിലവിലുള്ള മഴവെള്ള സംഭരണി സംരക്ഷണം, ജലസംരക്ഷണ പ്രവർത്തനം, പരിസ്ഥിതി ബോധവത്കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്താനും ലക്ഷ്യമിട്ടിരുന്നു.
രോഗികളുടെ എണ്ണം കൂടാനല്ല, രോഗികൾ ഇല്ലാത്ത അവസ്ഥയിലേക്കുള്ള യാത്രക്ക് പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ് എന്ന പ്രിൻസിപ്പലിെൻറയും മറ്റുള്ളവരുടെയും കാഴ്ചപ്പാടിെൻറ പ്രതിഫലനം കൂടിയാണ് കഴിഞ്ഞ വേനലിലും വെള്ളം നൽകി സംരക്ഷിച്ച ഈ വൃക്ഷത്തൈകൾ. ഇതിനോടൊപ്പമാണ് 450 നാട്ടുമാവുകൾകൂടി കാമ്പസിൽ ഹരിത കേരള മിഷൻ ശനിയാഴ്ച നടുന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ ഹൃദയശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. കുര്യാക്കോസ് 2020 ജൂണിലാണ് പരിയാരത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.