പയ്യന്നൂർ: ആവശ്യത്തിന് ജനറൽ കമ്പാർട്ട്മെൻറുകളില്ലാത്തതിനാൽ മംഗളൂരു -ചെന്നൈ എഗ്മോർ ട്രെയിനിലെ യാത്ര ജീവൻ പണയപ്പെടുത്തി. നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ഈ വണ്ടിയിൽ രണ്ടര ജനറൽ കമ്പാർട്ടുമെൻറുകൾ മാത്രമാണുള്ളത്.18 ബോഗികളുള്ള വണ്ടിയിൽ ബാക്കിയെല്ലാം എ.സി. കോച്ചുകളാണ്. ഇതാണ് യാത്ര ദുരിതയാത്രയാവാൻ കാരണമാവുന്നത്.
രാവിലെ 9.30ന് പയ്യന്നൂരിൽ എത്തിച്ചേരേണ്ട ട്രെയിൻ മിക്ക ദിവസങ്ങളിലും 9.45 ആവും സ്റ്റേഷനിലെത്താൻ. കണ്ണൂരിലും മറ്റുമുള്ള ഓഫിസുകളിലെത്തേണ്ട യാത്രക്കാർക്ക് ചവിട്ടുപടികളിൽ തൂങ്ങി യാത്രചെയ്യേണ്ട ഗതികേടാണ്.
വൈകുന്നതുകൊണ്ട് മറ്റു വണ്ടികൾക്ക് പോകാനെത്തിയവരും ഈ വണ്ടിയിൽ കയറുന്നതോടെ തിരക്ക് വർധിക്കും. പതിനാറോളം കമ്പാർട്ടുമെൻറുകൾ കാലിയായി കിടക്കുമ്പോഴാണ് ദുരവസ്ഥ. ഏറ്റവും പിറകിലുള്ള രണ്ടു കമ്പാർട്ടുമെൻറുകളും ഒരു പകുതി ബോഗിയും മാത്രമാണ് ജനറൽ കമ്പാർട്ടുമെൻറുകൾ. ബസ് ചാർജ് വർധിച്ചതോടെ ട്രെയിനിനെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.
ഇതും തിരക്ക് വർധിക്കാൻ കാരണമായതായി ബന്ധപ്പെട്ടവർ പറയുന്നു. അതുകൊണ്ടുതന്നെ ജനറൽ കമ്പാർട്ടുമെൻറുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. ചുരുങ്ങിയത് അഞ്ച് ജനറൽ കമ്പാർട്ടുമെൻറുകളെങ്കിലും ഉണ്ടായാൽ മാത്രമേ തിരക്ക് ഒഴിവാക്കാനാവൂ എന്ന് യാത്രക്കാർ പറയുന്നു. പകൽ യാത്രക്കെങ്കിലും എണ്ണം കൂട്ടി യാത്രക്കാരുടെ ദുരിതം പരിഹരിക്കണമെന്നാണ് ആവശ്യം. കാഞ്ഞങ്ങാടു മുതൽ കോഴിക്കോടു വരെ വൻ തിരക്കാണ് ജനറൽ കമ്പാർട്ടുമെൻറിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.