പയ്യന്നൂർ: മഴ മാറിനിന്ന മിഥുന സന്ധ്യയിൽ ശുദ്ധസംഗീതത്തിന്റെ രാഗപ്രവാഹമൊഴുകിയ ആറാം ദിനം പതിനെട്ടാമത് തുരീയം സംഗീതോത്സവത്തിന് നൽകിയത് മറ്റൊരു അവിസ്മരണീയ ശ്രവ്യാനുഭവം. വർണം വാരിവിതറിയ വേദിയിൽ കർണാടക സംഗീത തറവാട്ടിലെ നിറസാന്നിധ്യം വി.ആർ. ദിലീപ് കുമാറാണ് പ്രേക്ഷകർക്ക് അനുപമ സംഗീതവിരുന്നൊരുക്കിയത്.
രാഗങ്ങളുടെയും പാട്ടുകളുടെയും തിരഞ്ഞെടുപ്പിലും ആലാപനത്തിലും കൃത്യത പുലർത്തിയ ദിലീപ് കുമാർ ആസ്വാദകരുടെ കെയ്യടിയേറ്റു വാങ്ങുകയായിരുന്നു ഓരോ പാട്ട് തീരുമ്പോഴും. ഒപ്പം കർണാടക സംഗീതത്തിലെ നവവസന്തങ്ങൾ വൈഭവ് രമണി വയലിനിലും എരിക്കാവ് എൻ. സുനിൽ മൃദംഗത്തിലും നൽകിയ പിന്തുണ ശുദ്ധസംഗീതത്തിന്റെ ഭാവിയുടെ പ്രവചനമായി മാറി. സംഗീത കുലപതികളായ ബി.ആർ. രവികുമാർ (ഘടം), ബാംഗ്ലൂർ രാജശേഖർ (മുഖർശംഖ്) എന്നിവർ കൂടി അണിനിരന്നപ്പോൾ കച്ചേരിയുടെ ശ്രവ്യസുഖം വിവരണങ്ങൾക്കതീതം.
ആറാം നാൾ ഡോ.ജി.സുരേഷ് അതിഥിയായി. സ്വാമി കൃഷ്ണാനന്ദ ഭാരതി സ്വാഗതം പറഞ്ഞു. പോത്താങ്കണ്ടം ആനന്ദ ഭവനത്തിന്റെ പതിനെട്ടാമത് തുരീയം സംഗീതോത്സവത്തിന്റെ ഏഴാം ദിനമായ ഞായറാഴ്ച വായ്പാട്ട് ഉപകരണ സംഗീതത്തിന് വഴിമാറിക്കൊടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.