വണ്ണാത്തിക്കടവ് പാലം നിർമാണം അന്തിമഘട്ടത്തിൽ; എം.എൽ.എ പ്രവൃത്തി വിലയിരുത്തി

പയ്യന്നൂർ: കടന്നപ്പള്ളി -പാണപ്പുഴ പഞ്ചായത്തിലെ വണ്ണാത്തിക്കടവ് പാലം നിർമാണ പ്രവൃത്തി എം. വിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തി. പാലത്തിന്റെ കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയായി. അപ്രോച് റോഡ് നിർമാണം ആരംഭിച്ചിട്ടുണ്ട്.

റോഡ് നിർമാണത്തിന്റെ ഭാഗമായി കുടിവെള്ള പൈപ്പ് ലൈനിൽ കേടുപാട് സംഭവിച്ചിരുന്നു. ഇതേതുടർന്ന് നിരവധി പേർക്ക് കുടിവെള്ളം ലഭിക്കാത്തതിൽ ജനങ്ങൾ പ്രയാസത്തിലാണ്. ഇത് അടിയന്തരമായി പരിഹരിക്കുന്നതിനും പൈപ്പ് ലൈനുകൾ മാറ്റിസ്ഥാപിക്കുന്നതിനും എം.എൽ.എ നിർദേശിച്ചു. റോഡ് ടാറിങ് ചെയ്യുന്നതിന് മുന്നോടിയായി ട്രാൻസ്ഫോർമാർ, വൈദ്യുതി തൂണുകൾ എന്നിവയും ഉടൻ മാറ്റി സ്ഥാപിക്കും.

പിലാത്തറ -മാതമംഗലം റോഡിൽ ചന്തപുര വണ്ണാത്തിക്കടവിൽ നിർമിക്കുന്ന പാലത്തിന് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 8.49 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. പാലത്തിന് 140 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്. 1.5 മീറ്റർ വീതിയിൽ നടപ്പാതയും നിർമിക്കും.

ചന്ദപുര ഭാഗത്ത് 320 മീറ്റർ നീളത്തിലും മാതമംഗലം ഭാഗത്ത് 60 മീറ്റർ നീളത്തിലുമാണ് അപ്രോച്ച് റോഡ് നിർമിക്കുക. എം.എൽ.എയോടൊപ്പം കടന്നപ്പള്ളി -പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി. സുലജ, പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ കെ.എം. ഹരീഷ്, ജി.എസ്. ജ്യോതി, ടി. ശോഭ, ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ സുരജ നായർ, പി.കെ. ശ്രീവത്സൻ, പവനൻ, കെ.എസ്.ഇ.ബി മാതമംഗലം അസി. എൻജിനീയർ ലിജോ സി. ചാക്കോ, സബ് എൻജിനീയർ തമ്പൻ, ടി.വി. ചന്ദ്രൻ, കെ. മോഹനൻ, ടി.വി. സുധാകരൻ എന്നിവരും ഉണ്ടായിരുന്നു.

Tags:    
News Summary - Vannathi Kadavu bridge is in the final stages of construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.