പയ്യന്നൂർ: മണ്ണടിഞ്ഞും കാടുകയറിയും സ്വാഭാവിക നീരൊഴുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വെള്ളൂർ പുഴയെ വീണ്ടെടുക്കുന്നതിന് നടപടിയാവുന്നു. പുഴസംരക്ഷണത്തിന് സമഗ്രമായ പദ്ധതി തയാറാക്കണമെന്ന ആവശ്യവുമായി സി. കൃഷ്ണൻ എം.എൽ.എ രംഗത്തെത്തിയതോടെയാണ്, മരിച്ചുകൊണ്ടിരിക്കുന്ന പുഴയുടെ പുനർജനിക്ക് പ്രതീക്ഷയേറിയത്.
കാങ്കോൽ, കരിങ്കുഴി, വെള്ളൂർ, പെരളം, പാലത്തര പ്രദേശങ്ങളിലെ ഏക്കർ കണക്കിന് നെൽവയലുകളുടെ ഏക ജലസേചന മാർഗമാണ് വെള്ളൂർപുഴ. രൂക്ഷമായ മണ്ണൊലിപ്പിനെ തുടർന്ന് മണ്ണടിഞ്ഞും കരയിടിഞ്ഞ് വീതികുറഞ്ഞും പുഴക്കാട് വളർന്നും നീരൊഴുക്ക് തീരെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
കൂടാതെ കഴിഞ്ഞ വർഷങ്ങളിലുണ്ടായ പ്രളയത്തെ തുടർന്ന് പുഴതണ്ട് തകർന്ന് നെൽകൃഷി നശിക്കുകയും പുരയിടങ്ങൾക്കും റോഡിനും കനത്ത ഭീഷണി ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. പാനോത്ത് പാലത്തിനരികിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലും തുടർച്ചയായി കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇതേത്തുടർന്ന് നിർമിച്ച ജനകീയ തടയണയും തകർന്നിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ ഒരു വലിയ പ്രദേശത്തിെൻറ കൃഷിക്കും ജലസേചനത്തിനും കുടിവെള്ളത്തിനും സംസ്കാരത്തിനും അടിസ്ഥാനമായി നിലകൊള്ളുന്ന ഈ പുഴയെ വീണ്ടെടുക്കുന്നതിനുള്ള സമഗ്രമായ പദ്ധതി വേണമെന്ന ആവശ്യം ശക്തമാണ്. കാങ്കോൽ മുതൽ പാലത്തര വരെയുള്ള പ്രദേശങ്ങളിലാണ് അടിയന്തര ഇടപെടൽ ആവശ്യമായിരിക്കുന്നത്.
ഇക്കാര്യത്തിൽ ആവശ്യമായ സർവേ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും പുഴ തണ്ട് തകർന്നത് പോലുള്ള പ്രശ്നങ്ങൾക്ക് അടിയന്തരമായി പദ്ധതി തയാറാക്കി പരിഹാരം കണ്ടെത്തണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച പ്രാഥമിക പരിശോധന സി. കൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്നു. പയ്യന്നൂർ നഗരസഭ കൗൺസിലർമാരായ ഇ. കരുണാകരൻ, ഒ. സുമതി. മുൻ വൈസ് ചെയർപേഴ്സൻ കെ.പി. ജ്യോതി, സി. ഗോവിന്ദൻ, എൻ. അബ്ദുൽ സലാം, മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥരായ നോബ്ൾ സെബാസ്റ്റ്യൻ, അമർനാഥ് എന്നിവരും എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.